ബ്ലോഗ് ഒരു ആമുഖം

          ഭൂമി. എത്ര മനോഹരം. കവികളും കഥാകൃത്തുക്കളും മത്സരിക്കുന്നു ഭൂമിയെ വര്‍ണ്ണിക്കുവാന്‍ . ആ വാഴ്ത്തിപ്പാടലുകളെല്ലാം  തന്നെ  ഒരു ചരമ ഗീതത്തിന്റെ ആമുഖം പോലെ നമുക്കു അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഊര്‍ദ്ധ ശ്വാസം വലിക്കുന്ന പടുവൃദ്ധയായിക്കൊണ്ടിരിക്കുകയാണ്  നമ്മുടെ ഭൂമി. വര്‍ഷത്തിലൊരു തവണ ഭൌമ ദിനം. അന്നു വാ തോരാതെ മണ്ണിനെ സംരക്ഷിക്കുന്ന ചര്‍ച്ചകളില്‍ കൊണ്ടു പിടിച്ച് എല്ലാവരും പങ്കെടുക്കും. പറ്റുമെങ്കിലൊരു പ്രകടനവും ചന്ത മുക്കിലെ പ്രായം ചെന്ന ആല്‍ മരത്തിന്റെ മുന്നില്‍ നിന്നു ഒരു ദൃഢ പ്രതിജ്ഞ കൂടി എടുത്ത് കൃതാര്‍ത്ഥരായി നമുക്കു നമ്മുടെ വീടുകളിലേക്ക് മടങ്ങാം. പിറ്റേന്നു മുതല്‍ നമ്മുടെ ദുര്‍വ്വിധിയേ കുറിച്ചും സര്‍ക്കാരിന്റെ അനാസ്ഥയെ കുറിച്ചുമൊക്കെ പിറുപിറുക്കാം. അവസാനം തലക്കു കൈ വെച്ചു കൊണ്ടി വിധിയെ പഴിക്കുകയും ആവാം. ഇതില്‍ നിന്നൊക്കെ വേറിട്ട ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്കും നാം സാക്ഷിയാകാറുണ്ട്. ഇതൊക്കെ കൊണ്ടു മാത്രം ആസന്നമായ പെടു മരണത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കാന്‍ കഴിയും എന്നാര്‍ക്കു ഉറപ്പു പറയാന്‍ കഴിയും. ഗള്‍ഫ് നാടുകളിലെ ചൂടിന്റെ തീവ്രതയും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലെ ചൂടിന്റെ തീവ്രതയും ഏറെക്കുറെ ഒരുപോലെയായിക്കഴിഞ്ഞിരിക്കുന്നു. മഴയുമില്ല മരങ്ങളുമില്ല. കാടിന്റെ മക്കളായ ആദിവാസികള്‍ക്കു ലഭിക്കേണ്ട ഭൂമി വരെ തത്പര കക്ഷികള്‍ കൈക്കലാക്കി ഫ്ലാറ്റുകളും തീം പാര്‍ക്കുകളും കെട്ടിപ്പൊക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന വേദനാ ജനകമായ കാഴ്ചകള്‍ . വികസനത്തിന്റെ പേരില്‍ വരും തലമുറക്കു കൂടി അവകാശപ്പെട്ട വിഭവങ്ങളെ കണ്ണില്‍ചോരയില്ലാതെ കട്ടുമുടിക്കുന്ന കാട്ടുകള്ളന്മാര്‍ . ദാഹിച്ചു വലഞ്ഞാല്‍  കുടിക്കാനിത്തിരി ശുദ്ധ ജലം പോലും കിട്ടാത്ത അവസ്ഥ.ഭൂമി നമ്മള്‍ മനുഷ്യകുലത്തെ വെറുക്കുകയാണോ, അതോ നമ്മള്‍ ഭൂമിയെ വെറുക്കുകയാണോ? ചുറ്റുപാടും കണ്ണോടിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും നമ്മളാണു ഭൂമിയെ വെറുക്കുന്നതെന്ന്. യാതൊരു ദയയുമില്ലാതെ യന്ത്രക്കൈകള്‍ കൊണ്ട് മലകളിടിച്ചൂ നിരത്തിയും അതേ കൈ കൊണ്ടു പാടങ്ങളും തോടുകളും മണ്ണിട്ട് നികത്തിയും നമ്മള്‍ വികസനത്തിലേക്കു കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടമാകുന്നത് നാവിന്‍തുമ്പില്‍ നിന്നു ചക്കരമാങ്ങയുടെ തേനൂറും രുചിയാണു. പൊയ്പോയ തലമുറ നമുക്കായ് കരുതി വെച്ചിരുന്ന പലതും നമ്മള്‍ ആവോളം ആസ്വദിച്ചുവെങ്കില്‍ വരും തലമുറക്കു നമ്മള്‍ എന്താണു കരുതി വെക്കുന്നത്? ചാലിയാറിലെ വിഷമോ.? കൊച്ചിയിലെയും മറ്റു മെട്രോ “നരകങ്ങളിലേയും” മാലിന്യ കൂമ്പാരങ്ങളോ.?
           സ്ഥിതി ഗതികള്‍ ഇങ്ങിനെയൊക്കെയായിരിക്കെ  ഈ ഭൂമിയുടെ ഔദാര്യം വേണ്ടുവോളം പറ്റുന്ന ഒരു ജീവി എന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭൂമിയോടും വരും തലമുറയോടും ഉള്ള കടപ്പാടുകള്‍ ചെയ്തു തീര്‍ത്തേ പറ്റൂ. ഈ ഗ്രഹത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിച്ചേ പറ്റൂ.ഒരു കൂട്ടായ പരിശ്രമം അത്യാവശ്യമാണ് ഇവ്വിഷയകമായി. അതു പറ്റില്ലെങ്കില്‍  അവനവനു ആകുന്നത്. മരങ്ങള്‍ വെച്ചു പിടിപ്പിച്ചും പ്രകൃതിയോടിണങ്ങി ജീവിച്ചും നമുക്കത് സാദ്ധ്യമാക്കാവുന്നതേ ഉള്ളൂ. പഴയ കാനന ജീവിതത്തിലേക്കു തിരിച്ച് പോകാനുള്ള ആഹ്വാനമായി കണക്കാക്കേണ്ടതില്ല. മറിച്ച് നമ്മുടെ വീട്ടു വളപ്പില്‍ തന്നെ, അതുമല്ലെങ്കില്‍ മട്ടുപ്പാവില്‍ ചെറിയ രീതിയില്‍ പച്ചക്കറികള്‍ നടുകയും അതു വഴി വിഷാംശം തീരെയില്ലാത്ത നല്ലയിനങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യാന്‍ സാധിക്കും. ഇവിടെ ഈ ബ്ലോഗ് കൊണ്ടു ഞാനുദ്ധേശിക്കുന്നതു അതാണു. വിവിധ തരങ്ങളായ കൃഷികളും അവകള്‍ ചെയ്യുന്ന രീതിയും.  ഞാന്‍ ഒരു കൃഷിക്കാരന്‍ അല്ല. പക്ഷെ അറിവുകള്‍ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അവരില്‍ നിന്നു കിട്ടുന്ന അറിവുകള്‍ നമുക്കു പങ്കു വെക്കുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യാം.  നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശംങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.
ചിത്രങ്ങള്‍ : ഗൂഗിള്‍

Posted in , by navas shamsudeen. 10 Comments

10 Responses to "ബ്ലോഗ് ഒരു ആമുഖം"

  • Mufeed says:
  • francis says:
Leave a Comment