ചുരം കയറിയ മഞ്ഞള്‍ പ്രസാദം


ഹിന്ദിയില്‍ ബിരുദാനന്തരബിരുദവും ബി.എഡും സെറ്റും നേടി അധ്യാപകനായി ജോലി ചെയ്തുവന്നിരുന്ന അബ്ദുള്‍ നബീല്‍ എന്ന യുവാവ് വയനാടന്‍ ചുരം കയറി ഗുണ്ടല്‍പേട്ടിലെ  മഞ്ഞള്‍ കര്‍ഷകനായി മാറിയതു വിധിവൈപരീത്യം കൊണ്ടൊന്നുമല്ല. അധ്യാപനത്തിന്റെ ഇടവേളകളില്‍ സ്വദേശമായ കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ നടത്തിയ കൃഷി ഈ   യുവാവിനെ മുഴുവന്‍ സമയ കൃഷിക്കരനാക്കുകയായിരുന്നുവെന്നു പറയാം. നാലു ചായയ്ക്കുള്ള                             വരുമാനമേയുള്ളെങ്കിലും ശീതികരിച്ച ഓഫീസിലെ വെള്ളക്കോളര്‍ ജോലിമതിയെന്നു  ശഠിക്കുന്ന പുത്തന്‍ തലമുറക്കാരില്‍ നിന്നു വ്യത്യസ്തനാണ് ഈ സുമുഖനായ യുവാവ്.  കൃഷിയില്‍ നിന്നു കിട്ടുന്ന സംതൃപ്തിയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നു നബീല്‍ തിരിച്ചറിയുന്നു.  മരച്ചീനിയിലായിരുന്നു തുടക്കം. വെള്ളായണി ഹ്രസ്വ എന്ന ഇനം കപ്പ കൃഷി ചെയ്ത നബീലിന്  മികച്ച വിളവും കിട്ടി. പക്ഷേ പെട്ടെന്നു കേടാവുന്ന ഈയിനത്തിന്റെ വിപണനം നബീലിനു  സമ്മാനിച്ചതു വലിയ നഷ്ടമായിരുന്നു. എങ്കിലും പരാജയത്തെ പഴി ചാരി കൃഷിയിടത്തില്‍ നിന്നു പുറത്തു കടക്കാന്‍ നബീല്‍ തയാറായില്ല. അനുഭവങ്ങളില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ക്കൊണ്ട്  മറ്റു വിളകള്‍ കൂടി ഈ ചെറുപ്പക്കാരന്‍ നട്ടു വളര്‍ത്തി. ഏതു വിള കൃഷി ചെയ്താലും അതിന്റെ വിളവെടുപ്പും വിപണനവും വരെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാവണം കൃഷി  തുടങ്ങേണ്ടതെന്ന ആദ്യപാഠമായിരുന്ന മരച്ചീനി കൃഷിയിലൂടെ നബീലിനുണ്ടായ പ്രധാന നേട്ടം.

ഇതനുസരിച്ച് മഞ്ഞള്‍ കൃഷിയേക്കുറിച്ച് മനസ്സിലാക്കാനായി കോഴിക്കോടു ജില്ലയിലെ കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചത് നബീലിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഐ ഐ എസ് ആറിലെ ശാസ്ത്രഞ്ജര്‍ അവര്‍ വികസിപ്പിച്ചെടുത്ത മഞ്ഞള്‍ ഇഞ്ചി ഇനങ്ങള്‍ നബീലിനു പരിചയപ്പെടുത്തി.അവിടെ നിന്നു വാങ്ങിയ നടീല്‍ വസ്തുക്കളുടെ കൂട്ടത്തില്‍ പ്രതിഭ എന്ന മഞ്ഞള്‍ ഇനവുമുണ്ടായിരുന്നു. തന്നിലെ കാര്‍ഷിക പ്രതിഭയ്ക്കു നിറവും തിളക്കവുമേകാനുള്ള വിത്താണെന്നു തിരിച്ചറിയാതെ നബീല്‍ പ്രതിഭ എനം കൃഷി ചെയ്തു. 2004ല്‍ ഒരു ക്വിന്റല്‍ പ്രതിഭ മഞ്ഞളും അര ക്വിന്റല്‍ വരദ ഇനം ഇഞ്ചിയും കൃഷി ചെയ്ത നബീലിനു കിട്ടിയത് രണ്ടു ടണ്‍ മഞ്ഞളും ഒരു ടണ്‍ ഇഞ്ചിയുമായിരുന്നു.അതുപയോഗിച്ച് കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു.അതോടെ നബീലിന്റെ മഞ്ഞള്‍കൃഷിയ്ക്ക് പേരും പെരുമയുമായി. അയല്‍വാസികളും നാട്ടുകാരുമൊക്കെ വിത്ത് ആവശ്യപ്പെട്ട് എത്തിയതോടെ പുതിയൊരു വരുമാനമാര്‍ഗമായി മഞ്ഞള്‍ കൃഷിയെ നബീല്‍ തിരഞ്ഞെടുത്തു.ആദ്യ രണ്ടു വര്‍ഷം മേപ്പയൂരില്‍ തന്നെയായിരുന്നു മഞ്ഞള്‍ കൃഷി ചെയ്തിരുന്നതു.എന്നാല്‍ പ്രതിഭ ഇനം മഞ്ഞള്‍വിത്തിനുള്ള വര്‍ധിച്ച ആവശ്യകതമൂലം നബീലിനു കൃഷി വിപുലമാക്കാതെ നിവൃത്തിയില്ലെന്നായി അത്രയേറെയായിരുന്നു കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളില്‍ നിന്നും സ്വശ്രയസംഘങ്ങളില്‍ നിന്നുമൊക്കെ ഈ ഇനത്തിനുവേണ്ടിയുണ്ടായിരുന്ന ആവശ്യകത. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടീല്‍വസ്തുക്കളുടെ നഴ്സറികള്‍ക്കു ധനസഹായം നല്‍കുന്നതറിഞ്ഞ നബീല്‍ അതുപയോഗപ്പെടുത്തിയാണ് മഞ്ഞള്‍ വിത്തിനായുള്ള കൃഷി വിപുലപ്പെടുത്തിയതു. ഇക്കാര്യത്തില്‍ കോഴിക്കോട് സുഗന്ധവിളഗവേഷണകേന്ദ്രവും അവിടുത്തെ കൃഷിവിഞ്ജാനകേന്ദ്രവും തന്നെ വളരെയേറെ സഹായിച്ചെന്നു നബീല്‍ സാക്ഷ്യപ്പെടുത്തുന്നു.നബീല്‍ ഉത്പാദിപ്പിക്കുന്ന പ്രതിഭ ഇനം നടീല്‍വസ്തുക്കള്‍ ഐഐഎസ് ആറിലെ ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നു.അതോടൊപ്പം പതിവായി കൃഷിയിടം സന്ദര്‍ശിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്.v
മൂന്നു വര്‍ഷം മുമ്പാണ് വിശാലമായ കൃഷിയിടം തേടി ഈ യുവാവ് ഗുണ്ടല്‍ പേട്ടിലെത്തിയതു. ഏറെ വിശാലമായതും ജലലഭ്യതയുള്ളതുമായ ഭൂമിയും കുറഞ്ഞ കൃഷിച്ചിലവുമാണു തന്നെ ഇവിടേക്കാകര്‍ഷിച്ചതെന്നു നബീല്‍ പറയുന്നു. വേണ്ടത്ര കരഷകത്തൊഴിലാളികളെ കിട്ടാനുണ്ടെന്നത് മറ്റൊരു ആകര്‍ഷണ ഘടകമായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍മറ്റു ചിലരോടൊപ്പം ചേര്‍ന്നു ഇഞ്ചി കൃഷിക്കു പണാം മുടക്കിയെങ്കിലും പങ്കുകൃഷി നഷ്ടമായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സ്വന്തം മുതല്‍മുടക്കില്‍ ഗുണ്ടല്‍ പേട്ട് ചാമരാജ് നഗറിലെ ചിക്കോളയില്‍ സ്ഥലം പാട്ടത്തിനെടുത്ത് മഞ്ഞള്‍ നട്ടതു. ഗുണ്ടല്‍ പേട്ടില്‍ നബീലിന്റെ മഞ്ഞള്‍ കൃഷി ആദ്യമാണെങ്കിലും ഇതു വരെയുള്ള വളര്‍ച്ചയില്‍ ഈ യുവാവ് സംതൃപ്തനാണ്.           
കേരളത്തിലെ കൃഷിരീതികള്‍ക്കൊപ്പം ഗുണ്ടല്‍ പേട്ടിലെ കൃഷിക്കാരുടെ ശൈലികളും കോര്‍ത്തിണക്കിയാണ് നബീല്‍ ഇവിടെ വിളവിറക്കുന്നതു. മഞ്ഞള്‍ കണ്ടമൊരുക്കുന്നതു മുതല്‍ ഈ ശൈലി വ്യതിയാനം പ്രകടമാണ്. വാരം വെട്ടിക്കൂട്ടുന്നതിനു പകരം യന്ത്രമുപയോഗിച്ച് മണ്ണ് ഇരു വശത്തേക്കും വകഞ്ഞുമാറ്റിയാണ് ഇവര്‍ മഞ്ഞള്‍ നടുന്നതു. യന്ത്രവല്‍ക്കരണം സാധ്യമാകുന്നതു മൂലം കൂട്ഉതല്‍ വിസ്തൃതിയില്‍ പെട്ടെന്നു കൃഷി ആരംഭിക്കാനാവുന്നു എന്നതാണ് മെച്ചം. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി നന നല്‍കുന്നതു വിളവു കൂടാന്‍ കാരണമാകുന്നുണ്ട്. സ്ഥിരമായി നനയ്കുന്നതിനാല്‍ അഞ്ചു തവണ വളപ്രയോഗം നടത്തുന്നുവെന്നതു ഇവിടുത്തെ കൃഷി വ്യത്യസ്തമാക്കുന്നു. കൃഷി ആരംഭിച്ചപ്പോള്‍ തന്നെ ഐഐഎസ് ആറില്‍ മണ്ണു പരിശോധന നടത്തിയിരുന്നു. മഗ്നീഷ്യം, ഇരുമ്പ് എന്നിവ ഇവിടുത്തെ മണ്ണില്‍ കുറവാണെന്നു കണ്ടതിനാല്‍ സൂക്ഷ്മമൂലകങ്ങളടങ്ങിയ വളങ്ങളും യഥവിധി നല്‍കാറുണ്ട്. നാലേക്കറില്‍ തനിവിളയായാണ് മഞ്ഞല്‍ കൃഷി ചെയ്തിരിക്കുന്നതു. ഇത്രയും സ്ഥലത്തുനിന്നു ഈ വര്‍ഷം 40 ടണ്‍ ഉത്പാദനമാണ് നബീല്‍ പ്രതീക്ഷിക്കുന്നതു. ഇതു മുഴുവന്‍ തന്നെ നടീല്‍വസ്തുക്കളായി വാങ്ങാന്‍ ആവശ്യക്കാരുണ്ടെന്നു നബീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൌണ്ടേഷന്‍ നബീലിന്റെ ഉത്പാദനത്തിന്റെ സിംഹഭാഗവും ബുക്ക് ചെയ്തുകഴിഞ്ഞു. കിലേഗ്രാമിനു 45 രൂപ നിരക്കിലാണ് അവര്‍ മഞ്ഞള്‍ വിത്തെടുക്കുന്നതു. കൂടാതെ കഴിഞ്ഞവര്‍ഷം മുതല്‍ ഉത്തരേന്ത്യയിലെ ഒരു അമേരിക്കന്‍ കമ്പനിയും ടണ്‍ കണക്കിനു മഞ്ഞള്‍ നബീലില്‍ നിന്നു വാങ്ങുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള കൃഷിക്കായി 15 ലക്ഷം മുതല്‍ മുടക്കിയ നബീലിനു കിട്ടാനിടയുള്ള വരുമാനം കണക്കാക്കിക്കോളൂ.
മഞ്ഞളിനു പുറമേ ഞാലിപ്പൂവന്‍ വാഴയും ചേമ്പും തക്കാളിയും മുളകുമൊക്കെ നബീല്‍ ചിക്കോളയില്‍ കൃഷി ചെയ്യുന്നുണ്ട്. മഞ്ഞളിനു ഇടവിളയായാണ് മുളകുകൃഷി. ഒരേ വലിപ്പമുള്ള കായ്കളാണ് ഇവിടുത്തെ ഞാലിപ്പൂവന്‍ ഇനത്തിന്റെ പ്രത്യേകത. ഞാലിപ്പൂവന്റെ ഫസ്റ്റ് ഗ്രേഡ് കുലകള്‍ മുംബൈ വിപണിയില്‍ നിന്നുള്ള കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ രണ്ടാംതരം കേരളവിപണിയിലേക്കാണ് എത്തുന്നതു. മികച്ചരുചിയുള്ള ഈയിനം വാഴവിത്തുകള്‍ അടുത്തവര്‍ഷം കേരളത്തിലെ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കാനാകുമെന്നു നബീല്‍ പറഞ്ഞു. കുറഞ്ഞതു ഒരു ലോഡെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നു മാത്രം. വ്യത്യസ്ത വിളകളിലായി ഈ വര്‍ഷം ആകെ 130 ടണ്‍ ഉത്പാദനമാണ് നബീല്‍ പ്രതീക്ഷിക്കുന്നതു. താരതമ്യേന ഉത്പാദനച്ചിലവ് കുറവായതിനാല്‍ മികച്ച ലാഭമാണ് ഓരോ വിളയിലും അദ്ദേഹം പ്രതീക്ഷിക്കുന്നത്. കൂലിയുള്‍പ്പടെ കേരളത്തേക്കാള്‍ 60 ശതമാനം കുറഞ്ഞ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവിടെ നബീലിന്റെ അനുഭവം.
കടപ്പാട് :ജയിംസ് ജേക്കബ്ബ് (കര്‍ഷകന്‍ മാസിക)

5 Responses to "ചുരം കയറിയ മഞ്ഞള്‍ പ്രസാദം"

  • ANSAR ALI says:
Leave a Comment