Archive for 2012

പശു പരിപാലനം, ചില ചിന്തകൾ


പാലുത്പാദനത്തിൽ ഭാരതമിന്ന് ലോകത്തിലേറ്റവും മുൻപന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരത സംസ്കാരത്തിലടിയുറച്ചു നിന്ന ചെറുകിട കർഷകരുടെ ആത്മാർത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലർക്കും ഈ രംഗത്തേക്കു കടന്നു വരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചു നിൽക്കാറുണ്ട്. ഈ രംഗത്തേക്കു കടന്നു വരുന്നതിനു മുമ്പ്,പശു പരിപാലനത്തെക്കുറിച്ചും, പൊതുവിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗതമായി പശുവളർത്തലിൽ ഏർപ്പെട്ടു പ്രവർത്തിക്കുന്ന കർഷകർക്ക് നല്ല അറിവുകളുണ്ടാകും. അവരുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളിലൂടെ വളരെ നല്ല അറിവുകൾ സ്വായത്തമാക്കാൻ സാധിക്കുകയും, ക്ഷീര വികസന സമിതിയും, ഗവണ്മെന്റും കാലാകാലം നടത്തി വരുന്ന ക്ലാസുകളിൽ പങ്കെടുക്കുക വഴിയും പുത്തനറിവുകളും, നൂതന മാർഗ്ഗങ്ങളും അതാത് കാലത്ത് തന്നെ നമ്മുടെ തൊഴുത്തിലെത്തിക്കുവാൻ സാധിക്കും.

പശുക്കൾക്കാവശ്യമായ തൊഴുത്തിനു സമീപമായി യഥേഷ്ടം വിഹരിച്ചു നടന്നു പുല്ലു മേയാനുള്ള സ്ഥലമുണ്ടെങ്കിൽ വളരെ നല്ലതാണു. പുൽകൃഷിക്ക് അനുയോജ്യമായ സ്ഥലം അടുത്ത് തന്നെ കണ്ടെത്തുകയും, അവിടെ ഗുണമേന്മയുള്ള പുല്ലിനങ്ങൾ വെച്ചു പിടിപ്പിക്കുകയും വേണം. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വിവിധയിനം പുല്ലുകളിന്നു ലഭ്യമാണു. നാല്പത്തിയഞ്ചു ദിവസം പ്രായമായ പുല്ല് കാലികൾക്കു തീറ്റയ്ക്കായി വെട്ടിയെടുക്കാവുന്നതാണ്. കിളികുലം, സീ ഓ ത്രീ ഇനങ്ങളിൽ പെട്ട പുല്ലിനങ്ങൾ വളരെ പെട്ടെന്ന് വളർച്ചയെത്തുന്നു.
നാടൻ പശുക്കൾ പലയിനങ്ങൾ ഉണ്ട്. നല്ല പശുക്കളെ തിരഞ്ഞെടുക്കാൻ ഒരു വിദഗ്ദനു മാത്രമേ കഴിയൂ. പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി ഒരു മൃഗഡോക്ടറുടെ സഹായം തേടാവുന്നതാണു. കൂടാതെ ഈ മേഖലയിൽ കഴിവു തെളിയിച്ചിട്ടുള്ള ക്ഷീര കർഷകരുടെ അഭിപ്രായങ്ങളും തേടാവുന്നതാണ്.  വിദേശയിനം പശുക്കളെ തിരഞ്ഞെടുക്കുമ്പോൽ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഫാമിനടുത്ത് തന്നെ ഒരു മൃഗാശുപത്രിയുണ്ടെങ്കിൽ വളരെ നന്നായിരിക്കും. ഒരു നല്ല ഡോക്ടറുടെ സേവനം കന്നുകാലികൾക്ക് വളരെ അത്യാവശ്യമാണ്.

നല്ല ഉണങ്ങിയതും(ഈർപ്പം കെട്ടി നില്ക്കാത്തതുമായ), ഭൂനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയതുമായ സ്ഥലത്ത് വേണം തൊഴുത്ത് നിർമിക്കുവാൻ. വെള്ളം കെട്ടി നിൽക്കത്തക്ക രീതിയിൽ നിർമ്മാണം പാടില്ല. ഒരു ചെറിയ ചെരിവ് നിർമ്മാണത്തിൽ അനുവർത്തിക്കുന്നതും, വെള്ളം സുഗമമായി തൊഴുത്തിൽ നിന്നൊഴുകി പോകുന്നതിനായി നല്ലൊരു ഓവുചാലും തയ്യാറാക്കേണ്ടതാണ്. തൊഴുത്തിന്റെ ഭിത്തിക്ക് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരമുണ്ടാകണം. നല്ല ഉറച്ചതും, തെന്നാത്തതുമായ തറയാവണം ഇടേണ്ടത്. ഗ്രിപ്പിനായി പിന്നീട് റബ്ബർമാറ്റും ഉപയോഗിക്കാവുന്നതാണ്. മേൽക്കൂര പണിയുമ്പോൾ മൂന്നു മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ കെട്ടിയതാവണം. എത്രത്തോളം വായുസഞ്ചാരം തൊഴുത്തിനുള്ളിൽ ലഭിക്കുന്നുവോ അത്രയും കന്നുകാലികൾക്കു നല്ലതാണു. അതിനാൽ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാവണം മൊത്തത്തിലുള്ള തൊഴുത്തിന്റെ നിർമാണം.
  
ഒരു മീറ്ററിനു മൂന്നു സെന്റിമീറ്റർ എന്ന അളവിൽ തറകൾക്ക് ചെരിവ് അനുവർത്തിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഒരു പശുവിനു 2x1.05 മീറ്റർ എന്ന കണക്കിൽ സ്ഥലം ലഭ്യമാകത്തക്ക രീതിയിൽ വേണം തൊഴുത്തു നിർമ്മാണം. പശുക്കളുടേ പിൻ കാലുകൾ നിൽക്കുന്ന സ്ഥലത്തിനു പിറകിലായി ഓവുചാൽ നിർമ്മിക്കുകയും, മൂലകൾ ഷാർപ്പാകാതെ മിനുസപ്പെടുത്തിയിടുകയും വഴി, തൊഴുത്തിനുള്ളിലെ ശുചിത്വം നിലനിർത്താം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടും, ബോഗൻ വില്ല പോലെ പടർന്നു കയറുന്ന ചെടികൾ വളർത്തിയും ആവശ്യത്തിനുള്ള തണലുറപ്പാക്കേണ്ടതുണ്ട്. കൂടാതെ വേനൽക്കാലത്ത് ആവശ്യത്തിനുള്ള ശുദ്ധജലം ഏതു സമയത്തും ഫാമിൽ ഉറപ്പാക്കേണ്ടതാണ്.
വൃത്തിയുടെ കാര്യത്തിലൊരു വിട്ടുവീഴ്ചയും കാലിവളർത്തലിൽ പാടില്ല. പുറത്തു നിന്നൊരാൾ തൊഴുത്തിൽ കയറുമ്പോൾ ഡറ്റോൾ നേർപ്പിച്ച വെള്ളത്തിൽ കൈകാലുകൾ കഴുകുന്നത് നിർബന്ധമാക്കണം. ശുചിത്വം നിലനിർത്താനായി എല്ലാ ദിവസവും തൊഴുത്തു കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാലികൾക്കു കിടക്കാനുള്ള സൗകര്യം തയാറാക്കികൊടുക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തണം. പാൽപാത്രങ്ങൾ, മിൽക്ക് മഷീൻ, തുടങ്ങി എല്ലാ വസ്തുക്കളും ദിനേന വൃത്തിയാക്കി വെക്കണം.

തൊഴുത്തിൽ നിന്നും ചാലിലൂടെ ഒഴുകിവരുന്ന മൂത്രവും, ചാണകവെള്ളവും പ്രധാന പിറ്റിൽ ശേഖരിക്കുകയും, അതൊരു നിശ്ചിത കാലയളവിൽ എല്ലാ ദിവസവും മറ്റു കൃഷി സ്ഥലങ്ങളിലേക്കോ, പുൽകൃഷി ചെയ്യുന്നയിടങ്ങളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തിൽ ഒഴുക്കി വിടുന്നത് മൂലം ഏതെങ്കിലും വിധത്തിലുള്ള കീടങ്ങൾ പെരുകുന്നതൊഴിവാക്കാം. ഒരു ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് പ്ലാന്റും, അനുബന്ധമായി ഉണ്ടായാൽ മാലിന്യ പ്രശ്നം ഒരു രീതിയിലും ഫാമിനെ ബാധിക്കുകയില്ല.

ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ ശ്രദ്ധവെക്കുകയും, കുളമ്പു രോഗങ്ങൾ, അകിടുവീക്കം തുടങ്ങി കന്നുകാലികൾക്കു വരാറുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ കാലിവളർത്തൽ വളരെ ആദായകരമാക്കുവന്നതാണ്.

തയ്യാറാക്കിയത്..  ശ്രീ. ജോമി അബ്രഹാം.
ചിത്രം.. ഗൂഗിളിനോട് കടപ്പാട്.

by navas shamsudeen. 1 Comment

മുയൽ പുരാണം


               ഓട്ടത്തിനിടയ്ക്കു മയങ്ങി മത്സരത്തിൽ ആമയോട് തോറ്റ മുയലിന്റെ കഥ കേട്ടിട്ടില്ലേ.   പാവം നീളചെവിയൻ മുയൽ മരത്തണലിലൊന്നു വിശ്രമിക്കാൻ ഇരിക്കവേ ആമക്കുട്ടൻ മത്സരത്തിൽ ജയിച്ച കുട്ടിക്കഥ. പഞ്ഞിക്കെട്ടു പോലെയുള്ള രോമത്തോടു കൂടിയ മുയൽക്കുട്ടന്മാർ പണപ്പെട്ടി നിറച്ചു തരുമെങ്കിലോതാത്പര്യമുള്ള ആർക്കും കുറഞ്ഞചിലവിൽ മുയൽകൃഷി ചെയ്ത് വിജയം കണ്ടെത്താവുന്നതാണ്. കാര്യമായി കായികാദ്ധ്വാനമോ, വൈഷമ്യങ്ങളോ ഇല്ലാതെ അല്പം ശ്രദ്ധ വെക്കുക മാത്രം മതി മുയൽകൃഷിയിൽ ലാഭം നേടാൻ. തൊഴിലില്ലായ്മ രൂക്ഷമാവുകയും, തൊഴിൽമേഖലകൾ പ്രതിസന്ധി നേരിടുകയും, സമരങ്ങൾ മുഖേന ജനജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ, തികച്ചും ശാന്തമായി പ്രകൃതിയോടിണങ്ങി തന്നെ മുയൽ വളർത്തലിൽ ഏർപ്പെടുവാനും മോശമില്ലാത്ത രീതിയിൽ നടത്തിക്കൊണ്ടു പോകാനും ചെറുപ്പക്കാർക്ക് കഴിയും.
    സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, സോവിയറ്റ് ബ്ലാക്ക് തുടങ്ങിയവയാണ് സാധാരണയായി മാംസത്തിനായി വളർത്തുന്നത്പഞ്ഞിക്കെട്ടിന്റെ രൂപമുള്ള അംഗോറയെന്ന ഇനം രോമത്തിനായി വളർത്തപ്പെടുന്നു. കുറഞ്ഞത് വർഷം ഒരു കിലോ രോമമെങ്കിലും ഇവരിൽ നിന്നും കിട്ടുന്നു. കൂടാതെ സങ്കരയിനം മുയലുകളെയും വളർത്തുന്നതിലൂടെ കൂടുതൽ ലാഭം നേടിയെടുക്കാം. കൊഴുപ്പിന്റെയളവു തീരെ കുറഞ്ഞതും, പ്രോട്ടിന്റെയളവ് വളരെ കൂടുതലുമുള്ള മുയലിറച്ചിക്ക് ആവശ്യക്കാരേറെയാണ്.
     ഒന്നരയടി വ്യാസമുള്ള ഇരുമ്പു കൂട്ടിൽ ഒറ്റയ്ക്കൊറ്റയ്ക്കു മുയലുകളെ വളർത്തുകയാണ് അഭികാമ്യം. പരസ്പരം ആക്രമിക്കുകയും കടികൂടി ശരീരം മുറിയുകയും ചെയ്യുന്ന അവസ്ഥ ഇതുമൂലം ഒഴിവാക്കാൻ കഴിയും. വൃത്തിയ്ക്കേറെ പ്രാധാന്യമുള്ള മുയൽ വളർത്തലിൽ, ഉപയോഗിക്കുന്ന പാത്രങ്ങളും, തറയും,കൂടുകളും എന്നും കഴുകിശുചിയാക്കുന്നത് വളരെ നല്ലതാണ്. കാഷ്ടവും മൂത്രവും തങ്ങി നിൽക്കാതെ താഴെ വീഴുന്ന രീതിയിൽ വേണം കൂടിന്റെ അടിവശം നിർമിക്കാൻ. വയർമെഷോ, മരക്കഷണങ്ങളോ ഉപയോഗിക്കാവുന്നതാണ്.   റബ്ബറിന്റെയില, പന്നൽച്ചെടിയുടെയില, പപ്പായ, തൊട്ടാവാടി, വിഷച്ചെടികൾ, തുടങ്ങിയവ ഒഴിച്ച് എല്ലാത്തരം ഇലകളും മുയലിനു കൊടുക്കാവുന്നതാണ്ഇതു കൂടാതെ മാർക്കറ്റിൽ നിന്നും പോഷകസമൃദ്ധമായ മുയൽതീറ്റകൾ ലഭിക്കുന്നതാണ്. എല്ലാ സമയത്തും ശുദ്ധജലം ലഭ്യതയുമുറപ്പാക്കേണ്ടതുണ്ട്.
     ഉയർന്ന പ്രത്യുത്പാദനക്ഷമതയുള്ള മുയലുകളെ ആറുമാസം പ്രായമാകുമ്പോൾ മുതൽ ഇണചേർക്കാൻ തുടങ്ങാം. ആണ്മുയലിനെ ഒരോ ആഴ്ചയിലും മൂന്നാലു തവണ ഇണചേർക്കാനായി ഉപയോഗിക്കാം. ഇണചേർത്ത് 23 ദിവസം കഴിയുന്നതു മുതൽ സ്വന്തം രോമവും പുല്ലും ഉപയോഗിച്ച് പ്രസവയറ മുയൽതന്നെ തയ്യാറാത്തുടങ്ങും. ഈസമയം പ്രത്യേകം തയ്യാറാക്കിയ ഒരു പെട്ടി മുയലിന്റെ കൂട്ടിലേക്കു വെച്ചു കൊടുക്കേണ്ടതാണ്വീഞ്ഞപ്പലകയോ, തകിട് കൊണ്ടോ ലളിതമായ രീതിയിൽ നെസ്റ്റ്ബോക്സ് തയ്യാറാക്കം.   പെട്ടിയിൽ അവയുടെ രോമങ്ങൾ പറിച്ചിട്ട് ഒരു ചെറിയബെഡ് തയ്യാറാക്കി അതിലാണ് മുയൽ പ്രസവിക്കുകരാത്രികാലങ്ങളിൽ പ്രസവിക്കുന്ന മുയലുകൾ, ഏഴുമുതൽ പത്തു വരെ കുഞ്ഞുങ്ങളെ നൽകും. പ്രസവിച്ച് ഒന്നു രണ്ടു ദിവസത്തേക്കു കുട്ടികളേ ശല്യപ്പെടുത്തതെയിരിക്കുന്നതാണു നല്ലത്. 25 ദിവസം വരെ മുലകുടിക്കുന്ന മുയൽകുഞ്ഞുങ്ങൾ അധികസമയവും ഉറങ്ങാനിഷ്ടപ്പെടുന്നവയാണ്.  ജനനസമയത്ത് മരിക്കുന്ന മുയൽകുഞ്ഞുങ്ങളെ തള്ള മുയലിനെ കൂട്ടിൽ നിന്ന് മാറ്റിയശേഷം എടുത്ത്മാറ്റേണ്ടതാണ്. രണ്ടാഴ്ച പ്രായമാകുന്നതോടെ കുഞ്ഞുങ്ങൾ നെസ്റ്റ്ബോക്സിൽ നിന്നും പുറത്തുചാടിത്തുടങ്ങും, ഈ സമയത്ത് നെസ്റ്റ്ബോക്സ് മാറ്റാവുന്നതാണ്. നാലാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ തള്ളമുയൽ നിന്നും മാറ്റാം. ഒരു വർഷം ഒരു പെൺമു­യ­ലിൽ നിന്ന്‌25 കുട്ടി­കളെ മിനിമം ലഭി­ക്കും
     വിറ്റാമിനുകളും, മിനറലുകളും ഉൾപ്പെട്ട പോഷകാഹാരം പ്രസവം കഴിഞ്ഞ തള്ളമുയലുകളുടെ ഭക്ഷണത്തിലുൾപ്പെടുത്തേണ്ടത് അവയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നാല്പതു ദിവസം കഴിഞ്ഞാൽ മുയലുകൾ വീണ്ടും പ്രസവധാരണത്തിനു തയ്യാറാകും.
     മുയ­ലിനെ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മുയ­ലിന്റെ കഴു­ത്തിന്റെ പിന്നിലെ അയഞ്ഞ തൊലി­യിൽ ഒരു കൈകൊണ്ട്‌പൊക്കി മറ്റേകൈ ശരീ­ര­ത്തിൽ പിൻഭാ­ഗത്ത്‌താങ്ങി എടുക്കുക. ചെറിയ കുഞ്ഞു­ങ്ങളെ ഒരു കൈകൊണ്ട്‌തള്ള­വി­രൽ ഒരു വശത്തും തള്ള­വി­രൽ ഒരു വശത്തും മറ്റു വിര­ലു­കൾ മറു­വ­ശ­ത്തു­മായി കുഞ്ചി­യിൽ പിടിച്ചും എടുക്കാം.
     രോഗലക്ഷണം പ്രകടിപ്പിക്കുന്ന മുയലുകളെ മറ്റു മുയലുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും, ഒരു വെറ്റിനറി ഡോകടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യണം. വായുവും വെളിച്ചവുമില്ലത്ത ഷെഡ്ഡുകൾ, വൃത്തിഹീനമായ കൂടുകൾ, പഴകിയ തീറ്റ ഇവയൊക്കെ മുയലുകളെ രോഗത്തിനടിമയാക്കും. മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, വയറിളക്കം, ചർമ്മരോഗം, മുതലായവ മുയലിനു സാധാരണ വരുന്ന രോഗങ്ങളാണ്. ആന്റിബയോട്ടിക്കുകൾ, സൾഫാമരുന്നുകൾ, നൈട്രോഫുറാൻസ് തുടങ്ങിയ മരുന്നുകൾ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൊടുക്കുകവഴി രോഗങ്ങൾ നിയന്ത്രണവിധേയമാക്കുന്നതാണ്.
     വളരെ സൗമ്യപ്രകൃതമുള്ള മുയലുകളെ കൊച്ചു കുട്ടികൾക്കു വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാണ്. വീട്ടമ്മമാർക്കും, പ്രായമായവർക്കും വീട്ടിൽ തന്നെ ഒരു വരുമാനമെന്ന നിലയ്ക്ക് മുയൽ വളർത്തൽ വളരെ ആദായകരമായി നടത്തിക്കൊണ്ട് പോകാൻ സാധിക്കുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾ അടുത്തുള്ള കാർഷികഭവനുകൾ വഴി ലഭിക്കും.by navas shamsudeen. 15 Comments

കൂൺപുരാണം


ന്നലെ വെട്ടിയ ഇടിക്കു കിളിർത്ത കൂണല്ലേ നീ?’ ഇടയ്ക്കു മറ്റുള്ളവരെ ചെറുതാക്കി കാണിക്കാൻ നമ്മളുപയോഗിക്കാറുള്ള ഒരു വാചകം. അത്ര നിസ്സാരനാണോ ഈ കൂൺ? സമീകൃതാഹാരമെന്ന നിലയിൽ പ്രശസ്തി നേടിയ കൂണുകൾക്കു മാർക്കറ്റിലും ആവശ്യക്കാരേറെയാണു്. മനുഷ്യശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങൾ ഏറിയ അളവിൽ കൂണിലടങ്ങിയിരിക്കുന്നു. ലൂസിൻ, ഐസോലൂസിൻ തുടങ്ങി എട്ടു തരത്തിലുള്ള അമിനോഅമ്ലങ്ങൾ ഇവയിലടങ്ങിയിരിക്കുന്നു. ലൈസിൻ എന്ന അമിനോ അമ്ലം ഇവയ്ക്കു മാംസാഹാരത്തിന്റെ രുചിയും മണവും കൊടുക്കന്നതിനാൽ കൂണുകൾ 'സസ്യഭുക്കുകളുടെ ഇറച്ചി' എന്നുമറിയപ്പെടുന്നു. കൂണിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനതിനും അതു സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം, അപ്പെൻഡിസൈറ്റിസ്, ചെറുകുടലിലെ കാൻസർ, മറ്റു കുടൽ രോഗങ്ങൾ എന്നിവ തടയുന്നതിനും നാരുകൾ സഹായകമാകുന്നു.
  മഴക്കാലത്ത് തൊടിയിലും പരിസരത്തും മരക്കുറ്റികളിലും മറ്റും പലവിധ ആകാരത്തിലും വർണ്ണങ്ങളിലും കൂണുകൾ കാണപ്പെടുന്നുണ്ട്. ഹരിതകത്തിന്റെ അഭാവം മൂലം പച്ചനിറം അന്യമായ ഈ കുഞ്ഞിക്കൂണുകൾ എല്ലാം ഭക്ഷ്യയോഗ്യമല്ല. ആകർഷകമായ നിറത്തിലുള്ള ചില കൂണുകൾ ജീവനെടുക്കാനുള്ള വിഷം വരെ പേറുന്നവയാണെന്നു വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. അനാമിറ്റ വർഗത്തിലെ ബഹുവർണ്ണക്കൂണുകളും, ലപ്പിയോട്ട വിഭാഗത്തിലെ തൂവെള്ളക്കൂണുകളും ഭക്ഷ്യവിഷബാധയ്ക്കു കാരണമായേക്കാവുന്നവയാണ്.  മുറിക്കുമ്പോൾ കറ പോലെയുള്ള ദ്രാവകം വരുന്നുവെങ്കിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, സംശയം തോന്നുന്നവ മഞ്ഞൾ കലർത്തിയ വെള്ളത്തിലിട്ട് പാചകം ചെയ്യുമ്പോൾ നീലനിറത്തിലേക്കു മാറുന്നുവെങ്കിൽ അവ വിഷക്കൂൺ ആണെന്നുറപ്പിക്കാം.
പാൽ കൂൺ
വിദേശികളുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തിൽ വളരെ മുമ്പേ ഇടംപിടിച്ച ഈ ഇത്തിരിക്കുഞ്ഞൻ കൂണുകൾ നമ്മുടെ കൊച്ചു കേരളത്തിലും തനതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമായും രണ്ടിനം കൂണുകളാണു കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്ത് വരുന്നത്. ചിപ്പിക്കൂണും പാൽക്കൂണും. മഴക്കാലത്ത് ചിപ്പിക്കൂണും വേനൽക്കാലത്ത് പാൽക്കൂണും കൃഷി ചെയ്ത് വരുന്നു. അല്പം സൂക്ഷ്മതയോടെ ചെയ്താൽ വളരെയധികം പ്രയോജനപ്രദമാണു കൂൺകൃഷി. കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ കട്ലറ്റ്, സമൂസ, മുതലായവയിലൂടെയും പണം കണ്ടെത്താൻ കഴിയും. ഈ രണ്ട് തരം കൂണുകൾക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. കൂട്ടത്തിൽ ചിപ്പിക്കൂണിനാണു കൂടുതൽ സ്വാദ്.  കൂടാതെ കൃഷിചെയ്യാൻ എളുപ്പവും. എന്നാൽ പാൽകൂണിനാവട്ടെ അല്പം സ്വാദ് കുറഞ്ഞാലും സൂക്ഷിപ്പ് കാലാവധി ചിപ്പിക്കൂണിനെക്കാളും കൂടുതലാണെന്നതു കൂടാതെ, കീടാണു മൂലമുണ്ടാകുന്ന രോഗബാധയും കുറവാണു്.
വയ്ക്കോൽ, അറക്കപ്പൊടി മുതലായ മാധ്യമങ്ങളിലാണു കൂണുകൾ വളർത്തുന്നത്. വയ്ക്കോൽ മാധ്യമമായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തീർത്തും അണുവിമുക്തമാക്കിയ ശേഷം മാത്രമേ കൃഷിക്ക് ഉപയോഗിക്കാവൂ എന്നതാണു്. ഇതിനായി ഒരു പ്ലാസ്റ്റിൿ ഡ്രമ്മിൽ വെള്ളത്തിൽ ബാബിസ്റ്റിൻ, ഫോർമാലിൻ ഇവ മിക്സ് ചെയ്ത ശേഷം വയ്ക്കോൽ മുക്കി വെയ്ക്കേണ്ടതാണു്. ഈ മാർഗമല്ലാതെ വയ്ക്കോൽ അരമണിക്കൂർ ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്താലും മതി.
വയ്ക്കോലിൽ കാണപ്പെടുന്ന അധിക ഈർപ്പം കളയുന്നതിനായി അല്പം ഡെറ്റോൾ തളിച്ച പ്ലാസ്റ്റിൿ ഷീറ്റിലേക്കു നിരത്തിയിടുക. വയ്ക്കോൽ കയ്യിലെടുക്കുമ്പോൾ ചെറിയ നനവുള്ളതും, പിഴിഞ്ഞാൽ വെള്ളം വരാത്തതുമായ പരുവമാണു കൂൺകൃഷിക്കു് ഏറ്റവും നല്ലത്. ഇത്തരത്തിൽ ലഭിച്ച വയ്ക്കോൽ കട്ടി കൂടിയ പ്ലാസ്റ്റിക് കവറിലേക്ക് ചുമ്മാടു പോലെ ചുരുട്ടി ഇറക്കി വെക്കുക. അതിന്റെ വശങ്ങളിൽ കൂൺവിത്തുകൾ വിതറുക. ഇത്തരത്തിൽ മൂന്നടുക്കു വയ്ക്കോൽ ചുമ്മാട് രൂപത്തിൽ ഇറക്കി ഒരോ അടുക്കിനു മുകളിലും കൂൺ വിത്തുകൾ വിതറിയശേഷം ഉള്ളിലെ വായു പുറത്തു കളഞ്ഞു വായ മൂടിക്കെട്ടുക. ഇങ്ങനെ പോളീത്തീൻ കവറിൽ ഒന്നിടവിട്ട് വൈക്കോലും വിത്തും നിറച്ചെടുക്കുന്നതിനെ ബെഡ്ഡ് എന്നു പറയുന്നു. 60 സെ. മീ നീളവും 35 സെ മീ വീതിയും, 150 – 200 ഗേജ് കട്ടിയുമുള്ള പോളിത്തീൻ കവറുകളാണുപയോഗിക്കുന്നത്.
ബഡ്ഡിന്റെ വശങ്ങളിൽ ചെറിയ സുഷിരങ്ങളിട്ടു കൊടുക്കാൻ മറക്കരുത്. ഉപയോഗിക്കുന്ന വസ്തുക്കളും കൈകളും ഡറ്റോളുപയോഗിച്ച് അണു നശീകരണം നടത്തിയ ശേഷം വേണം മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യാൻ.ഇങ്ങനെ തയ്യാറാക്കിയ ബെഡ്ഡുകൾ കുറഞ്ഞ ചൂടും, നല്ല ഈർപ്പവും, വായു സഞ്ചാരവുമുള്ള ഒരു മുറിയിലെക്കു മാറ്റേണ്ടതാണു്. പത്തോ പന്ത്രണ്ടോ ദിവസങ്ങൾക്കുള്ളിൽബെഡ്ഡിന്റെ വശങ്ങളിലായി വയ്ക്കോലിൽ തൂവെള്ള നിറത്തിലുള്ള തന്തുക്കൾ (മൈസീലിയം) പടർന്നു വളരുന്നതു കാണാം. ഇങ്ങനെ സ്പോൺ റണ്ണിംഗ് പൂർത്തിയായാലുടനെ പോളിത്തീൻ കവർ ഒഴിവാക്കി ബെഡ്ഡിനെ നല്ല വായു സഞ്ചാരമുള്ള വൃത്തിയായ മറ്റൊരു മുറിയിലെക്കു മാറ്റിയ ശേഷം ഈർപ്പം നിലനിൽക്കത്ത രീതിയിൽ ദിവസം ഒന്നോ രണ്ടോ തവണ എന്ന കണക്കിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. മൂന്നാലു ദിവസങ്ങൾക്കുള്ളിൽ ബെഡ്ഡിൽ കൂൺ മുകുളങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാം. അടുത്ത ദിവസം തന്നെ ഈ മുകുളങ്ങൾ വളർന്ന് കൂണായി രൂപപ്പെടുന്നതോടെ വിളവെടുത്ത് തുടങ്ങാം. ഇത്തരത്തിൽ ഒരു ബെഡ്ഡിൽ നിന്നും ഒരാഴ്ച ഇടവിട്ടുള്ള കാലയളവിൽ മൂന്നു തവണ വിളവെടുക്കാവുന്നതാണു്.
ചിപ്പി കൂൺ
ഇത്തരത്തിൽ അധികം സ്ഥലമോ മുതൽ മുടക്കോ ഇല്ലാതെ വളരെയെളുപ്പം വീട്ടമ്മമാർക്കു കൂടി ചെയാവുന്ന ഒരു കാർഷിക വിളയാണിത്. വളരെ കുറഞ്ഞ അളവിൽ വെള്ളം മതിയെന്നുള്ളതും മറ്റൊരു ആകർഷണീയതായാണു്. മറ്റ് കൃഷികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സ്ഥലത്തു നിന്ന് കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ആദായം എന്നതും കൂൺകൃഷിയിലേക്കു ചെറുപ്പക്കാരെയുൾപ്പടെ ആകർഷിക്കാൻ കാരണമാകുന്നുണ്ടെന്നുള്ളതും ഒരു വസ്തുതയാണു. തൊഴിലില്ലാതെ വലയുന്ന ചെറുപ്പക്കാർക്കും, വീട്ടമ്മമാർക്കും ഒരേപോലെ ഏർപ്പെടാവുന്ന ഒരു കാർഷികവൃത്തിയാണിത്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നത് ചിപ്പിക്കൂണാണു്. ഇതിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ചും, കൃഷി രീതികളേക്കുറിച്ചും, വിത്തുത്പാദന രീതിയെക്കുറിച്ചുമുള്ള പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും സർവകലാശാലകളിലും ലഭിക്കും.

by navas shamsudeen. 7 Comments

കർഷകർ മ്യൂസിയത്തിലേക്കോ..


     നെന്മാറ. പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമം, തൃശ്ശൂർ പൂരത്തിനൊപ്പം വരില്ലെങ്കിലും പ്രസിദ്ധമായ ഒരുത്സവമാണു നെന്മാറ വല്ലങ്ങിവേല. മീനമാസം പൂയം നാളിലുള്ള വെടിക്കെട്ടും അത്ര തന്നെ പ്രശസ്തംവെടിക്കെട്ട്, പഞ്ചവാദ്യം, എഴുന്നള്ളിപ്പ് അങ്ങനെ തുടങ്ങി എല്ലാ കാര്യത്തിലും  നെന്മാറ, വെല്ലങ്ങി രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ മത്സരവും ഉത്സവം കാണാനെത്തുന്നവർക്കു വീക്ഷിക്കാവുന്നതാണു., ഒരു പാലക്കാടൻ ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും മുഖമുദ്രയാക്കിയ ഒരു നാട്. കർഷകരുടെ നാട്. പ്രത്യേകതകളായിരുന്നു നെന്മാറയെ എന്റെ പ്രിയപ്പെട്ട ഗ്രാമമാക്കി മാറ്റിയത്. എന്നാലിന്ന് നെന്മാറ എന്റെ മനസ്സിൽ മാത്രമല്ല മനസ്സാക്ഷിയുള്ള ഒരോ മലയാളിയുടെയും മനസ്സിൽ ഒരു നെരിപ്പോട് തീർക്കുന്നു

     ആണ്ട് മുഴുവൻ വെള്ളവും വളവും കൊടുത്ത് കുട്ടികളെപോലെ പരിചരിച്ച പച്ചക്കറികൾ വിളവെടുത്ത ശേഷം വിപണി കാത്തിരുന്ന നെന്മാറയിലെ കർഷകരുടെ ഇടനെഞ്ചിലേക്കു മറ്റൊരു വെടിക്കെട്ടായി സംഭവം മാറി. കൊള്ളലാഭം പ്രതീക്ഷിച്ചെത്തിയ ഇടനിലക്കാർ കർഷകരുടെ ഉത്പന്നങ്ങൾക്കു പുല്ലുവില പോലും നൽകാൻ തയ്യാറില്ലെന്നു പ്രഖ്യാപിച്ചപ്പോൾ 1300 ഓളം ഏക്കറിൽ നിന്നും കൃഷി ചെയ്തെടുത്ത ടൺകണക്കിനു പച്ചക്കറികൾ മുന്നിൽ വെച്ച് അവർ മുഖത്തോട് മുഖം നോക്കി. ലക്ഷങ്ങൾ കാർഷിക വായ്പയെടുത്ത് കൃഷി നടത്തിയിട്ടും മുടക്കു മുതലിന്റെ നാലിലൊന്നു പോലും തിരിച്ചു കിട്ടില്ലെന്ന ദുരവസ്ഥ അവരെ നോക്കി പല്ലിളിച്ചു കാട്ടി. സർക്കാരോ, സർക്കാർ വക സംവിധാനങ്ങളോ ചെറു വിരലക്കാൻ പോലും തയ്യാറാകാതെ വന്നപ്പോൾ അവർക്കു മുന്നിൽ മറ്റു വഴികൾ ഇല്ലാതെ വന്നു. പാവങ്ങൾ കുഴികുത്തി തുടങ്ങി., വാർത്ത വന്നു തുടങ്ങിയപ്പോൾ ആരൊക്കെയോ ഉണർന്നു., പ്രസ്താവനകൾ, വാഗ്ദാനങ്ങൾ. കാർഷിക കേരളത്തിന്റെ ദയനീയമുഖം.

     കർഷകരുടെ ദീനരോദനം വായുവിലലിഞ്ഞു ഇല്ലാതായെങ്കിലും വിപണിയിലെ സ്ഥിതിയോ., പച്ചക്കറിയെ തൊട്ടാൽ പൊള്ളും. തീ പിടച്ച അഥവാ തീ പിടിപ്പിക്കപ്പെട്ട വില. അതും തമിഴ്നാടിന്റെ ദാനം. ഏതൊക്കെ വിഷം വിപണിയിലും അല്ലാതെയും ലഭ്യമാണൊ അതൊക്കെ തളിച്ച് രായ്ക്കുരാമാന കേരള വിപണിയിലെത്തുന്ന പച്ചക്കറികളൊക്കെയും അമൃതുപോലെ മലയാളികൾ വയറ്റിലാക്കുന്നു. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും അനുബന്ധമായി കച്ചവടം കൊഴുപ്പിക്കുന്നു. ഒരു വശത്ത് കേരളത്തിലെ കർഷകർക്ക് വിപണിയും വിലയും കിട്ടാതെ വിഷമിക്കുമ്പോൾ അതിർത്തി കടന്നു യഥേഷ്ടം പച്ചക്കറികളുൾപ്പടെയുള്ള വസ്തുക്കൾ ഇവിടെയെത്തുന്നു. തമിഴ്നാട് അരിയും പച്ചക്കറികളും തന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുമെന്ന അവസ്ഥ സംജാതമാക്കിയെടുക്കുന്നതിൽ ഭരണകൂടവും പിണിയാളുകളും വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പാടങ്ങൾ തരിശിടുകയും, പലവിധ പ്രശ്നങ്ങൾ കൊണ്ട് ബാക്കിയുള്ള കർഷകരെ കാർഷിക വൃത്തിയിൽ നിന്നകറ്റുകയും ചെയ്യുന്നതോടെ അജണ്ട പൂർത്തിയാകുകയും ചെയ്യും. പുതിയ കാർഷിക നിയമങ്ങൾ പ്രത്യേകിച്ചും പശു വളർത്തലിനു ലൈസൻസ് വേണമെന്നും, (അഞ്ചു പശുക്കൾക്കു മുകളിലേക്ക് വളർത്താൻ) കാലിത്തീറ്റ സബ്സിഡി നിർത്തലാക്കുകയെന്നുമുള്ള വാർത്തകൾ ക്ഷീരകർഷകരുടെ ഹൃദയതാളം തെറ്റിക്കാൻ മാത്രം പര്യാപ്തമാണു., വിദേശകമ്പനികളുടെ പാൽപ്പൊടികൾ ഇറക്കുമതി ചെയ്യാനുള്ള അനുവാദം കൊടുക്കാൻ പോകുന്നു എന്ന വാർത്തയും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണു. ഈ മേഖലയെ താറുമാറാക്കാൻ ആരൊക്കെയോ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നുവെന്നു സ്പഷ്ടം. നന്നായി പാലുല്പാദിപ്പിക്കുന്ന ഒരു നാട്ടിലേക്കു ആ മേഖലയെ തകർത്തിട്ട് വിദേശ പാൽപ്പൊടി ഇറക്കുമതി ചെയ്യുന്നതിന്റെ രാഷ്ട്രീയം എന്തു തന്നെയായാലും അതു ചെന്നു തറയ്ക്കുന്നതു കർഷകന്റെ ഇടനെഞ്ചിൽ തന്നെയാണു. മൃതദേഹം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പാലിൽ ചേർക്കുന്ന നാടൻ കമ്പനിയിലെ  കഠിന ഹൃദയരെക്കാൾ ഈ വരത്തന്മാരെ വിശ്വസിക്കാമെന്നു പറഞ്ഞു നമുക്കു ആശ്വസിക്കാം, അതൊന്നു മാത്രം പോംവഴി. അല്ലെങ്കിൽ തന്നെയും പുറത്ത് നിന്നു ലഭിക്കുന്നതെന്ത് വാങ്ങി കഴിക്കുന്നതും ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിക്കുന്നതും ഒരു പോലെയാണെന്ന കാര്യത്തിൽ ഉദാഹരണങ്ങൾ നിരവധിയല്ലേ.
         കരീം മാഷ് മരുഭൂമിയിൽ കൃഷി ചെയ്യുന്നു

     ഈ വിഷം പണം കൊടുത്ത് വയറ്റിലാക്കുന്ന ശീലം മലയാളികൾക്ക് ഒഴിവക്കാവുന്നതേയുള്ളൂ., സർക്കാരും സംഘടനകളും പലവിധ ആശയങ്ങളും കാലാകാലങ്ങളായി മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഒക്കെയും കെടുകാര്യസ്ഥത മൂലം എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയും നമുക്കു മുന്നിൽ തന്നെ ലഭ്യം. പ്രവാസിയെന്നോ നാട്ടിലുള്ളവരെന്നോ വ്യത്യാസമില്ലാതെ മലയാളികളുടെ ആകുലത ഇക്കാര്യത്തിൽ വർദ്ധിച്ച് വരുന്നതല്ലാതെ ഒരു സംഘടനകളും ഇക്കാര്യത്തിൽ ക്രിയാത്മകമായ ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കാൻ പ്രതിബദ്ധത കാട്ടിയിട്ടില്ല. സ്വന്തം പറമ്പിൽ ഒരു പശുവിനെയോ ആടിനെയോ വളർത്തിയാൽ വീട്ടാവശ്യത്തിനുള്ള പാൽ ലഭിക്കും., ചാണകവും ആട്ടിൻ കാട്ടവും നല്ല വളവും. അടുക്കള മുറ്റത്ത് അത്യാവശ്യം പച്ചക്കറികളും വെച്ചുപിടിപ്പിച്ചാൽ വിഷമുക്തമായ ഭക്ഷണം നമ്മുടെ തീന്മേശയിൽ എത്തില്ലേ. അല്പം മെനക്കേടുള്ളതല്ലേ ഈ പണിയെന്നു നമുക്കു തോന്നിയാലും, സംഗതി വളരെ രസകരവും ഊർജ്ജദായകവുമാണെന്നു അനുഭവസ്ഥർ. നിങ്ങൾക്കുമാകാം. സ്വന്തം മുറ്റത്തും, അടുക്കള വശത്തും, പറമ്പിലും തൊടിയിലും എന്തിനു ടെറസ്സിൽ വരെ നമുക്ക് പച്ചക്കറികൾ ഉത്പാദിപ്പിക്കാം, ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ അയല്പക്കത്ത് കൊടുക്കാം, അവരുത്പാദിപ്പിക്കുന്നത് നമുക്കും. ഈ ഒരാശയം വളരെ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പിലാക്കാൻ പ്രവാസികളെയടക്കം പ്രചോദിപ്പിക്കുകയാണു ഫേസ്ബുക്കിലെ കൃഷിഗ്രൂപ്പിലൂടെ മുന്നോട്ട് വെക്കുന്നത്. ഗ്രൂപ്പിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിരവധിപേർ ഇതിനൊടകം തന്നെ കഴിയുന്ന രീതിയിൽ സ്വന്തമായി കൃഷി ആരംഭിച്ചിരിക്കുന്നു, എന്തു സംശയത്തിനും മറുപടിയും പരിഹാരവും പറഞ്ഞു തരാൻ വിദഗ്ദരുടെ ഒരു നല്ല നിര. ഒരു പറ്റം സുഹൃത്തുക്കൾ സ്വന്തമായി ഡയറി ഫാം വരെ തുടങ്ങിക്കഴിഞ്ഞു. അതിൽ നിന്നുമൊക്കെ മുന്നോട്ട് പോയി ഇപ്പോൾ കേരളത്തിലെ ഉത്പാദന വിപണന രംഗത്ത് ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുക, കർഷകരെ എല്ലാ രീതയിലും സഹായിക്കുക, അവരുടെ ഉത്പന്നങ്ങൾക്കു വിപണി ഉറപ്പാക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാനായി ഒരു കമ്പനി. അതിന്റെ പ്രവർത്തനങ്ങളിലേക്കും എല്ലാവരുടെയും സഹകരണം ആവും വിധം പ്രതീക്ഷിക്കുകയാണു. ഒരു നവ കേരളത്തിനായി, വിഷമുക്തമായ ഭക്ഷണസംസ്കാരത്തിനായി നമുക്കും കൈകോർക്കാം. ആഗസ്ത് ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ച ലേഖനം.