Archive for January 2012

റേഡിയേഷനെ പ്രതിരോധിക്കാനും തുളസി

ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും.

... മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ് തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ നാടന്‍മാരൊക്കെ പുറത്തായി.

എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.

തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡിയേഷന്‍ മൂലം ക്ഷതം സംഭവിക്കുന്ന കോശങ്ങളെ പൂര്‍വ്വാവസ്ഥയിലെത്താന്‍ സഹായിക്കുന്നു. ഇതിനായി തുളസി മുഖ്യഘടകമായ മരുന്നും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷണത്തിലാണ് മരുന്നെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഏഴ് കോടിയോളം ചെലവ് വരുന്ന പ്രൊജക്ടാണിത്. പൂര്‍ണമായും വിജയിച്ചാല്‍ വൈദ്യ ശാസ്ത്രത്തിന് വമ്പന്‍ നേട്ടമായിരിക്കുമിത്. കാത്തിരിക്കാം തുളസിയെന്ന അതിശയച്ചെടിയുടെ അത്ഭുത മരുന്നിനായി.കടപ്പാട് : ഫെസ് ബുക്ക് കൂട്ടായ്മ ആയ  കൃഷി ഗ്രൂപ്പിലെ ലേഖനം

by navas shamsudeen. 1 Comment

വണ്ണം കുറയ്ക്കും ചില പച്ചക്കറികള്‍

വണ്ണം കുറയ്ക്കാന്‍ വിവിധ തരം ഡയറ്റുകളും ഭക്ഷണക്രമങ്ങളുമുണ്ട്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളുമുണ്ട്. നാം ഇവയെല്ലാം സാധാരണ ഉപയോഗിക്കുന്നതാണെങ്കിലും ഇവയുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല.

കറികളിലും മറ്റും ഉപയോഗിക്കുന്ന കുമ്പളങ്ങ വണ്ണം കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം പച്ചക്കറിയാണ്. വണ്ണം കുറയ്ക്കാന്‍ കുമ്പളങ്ങാ ജ്യൂസ് കുടിയ്ക്കുന്...ന രീതിയും പതിവുള്ളതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വിശപ്പ് എളുപ്പത്തില്‍ മാറ്റാനും കുമ്പളങ്ങ സഹായിക്കും. ഔഷധഗുണമുള്ള ഇവയുടെ കുരുക്കളും തൊലിയും മൂത്രാശയ രോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഉപയോഗിക്കാറുണ്ട്.

സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന മത്തങ്ങളും വണ്ണം കുറയ്കക്ാന്‍ സഹായിക്കുന്ന ഒരു ഭക്ഷണസാധനം തന്നെയാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ വൈറ്റമിനായി രൂപാന്തരപ്പെട്ട് ശരീരത്തിന് ആവശ്യമായ പോഷണം നല്‍കുന്നുണ്ട്. വയറിന്റെ അസുഖങ്ങള്‍ മാറ്റാനും മത്തങ്ങ നല്ലതാണ്. ഇവ കറിയിലിട്ടോ സാലഡായോ സൂപ്പായോ കഴിയ്ക്കാം. ഏതു കാലാവസ്ഥയിലും കിട്ടുന്ന പച്ചക്കറി എന്ന ഗുണവും ഇതിനുണ്ട്.

ചുരയ്ക്കയും വണ്ണം കുറയാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. ചുരയ്ക്ക ജ്യൂസായി രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തരം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജ്യൂസാക്കി മാറ്റുമ്പോള്‍ അരിക്കാതെ വേണം ഇത് ഉപയോഗിക്കുവാന്‍.

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിന്റെ തൊലി കളഞ്ഞാണ് പലരും ഉപയോഗിക്കാറ്. എന്നാല്‍ കുക്കുമ്പറിന്റെ തൊലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് തൊലി കളയാതെ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. കുക്കുമ്പര്‍ പച്ചയ്‌ക്കോ സാലഡായോ കഴിയ്ക്കാം.

കയ്പുണ്ടെങ്കിലും പാവയ്ക്ക് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ പാവയ്ക്ക സഹായിക്കും. പാവയ്ക്ക ജ്യൂസ് പ്രമേഹം കുറയ്ക്കാനും വളരെ നല്ലതാണ്. രാവിലെ വെറുവയറ്റില്‍ പാവയ്്ക്ക ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതിലല്ലാ, വണ്ണം കൂട്ടാതിരിക്കാനും കുറയ്ക്കാനുമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുകയാണ് വേണ്ടത്.കടപ്പാട് : ഫെസ് ബുക്ക് കൂട്ടായ്മ ആയ  കൃഷി ഗ്രൂപ്പിലെ ലേഖനം

മണ്ണിരകളുടെ മൃഷ്‌ടാന്നം വിളകളുടെ മേനിയഴക്‌


മണ്ണുമായി സമരസപ്പെട്ടുവന്ന പഴമക്കാര്‍ മണ്ണില്‍നിന്നെടുത്തതെല്ലാം മണ്ണിനുതന്നെ തിരിച്ചു നല്‍കിയിരുന്നു. കൃഷിയുടെ മികവിന്‌ ആവശ്യമായ എല്ലാവിധ പോഷകമൂലകങ്ങളുമാണ്‌ ഇതുവഴി മണ്ണിന്‌ തിരികെ ലഭിച്ചിരുന്നത്‌.

പ്രകൃതിയുടെ കലപ്പയായ മണ്ണിരകള്‍ക്ക്‌ ഇത്‌ മൃഷ്‌ടാന്ന ഭോജനമായിരുന്നു. മണ്ണിരകള്‍ ഈ മൃഷ്‌ടാന്നം ഭുജിക്കുന്തോറും മണ്ണിന്റെ വിളപൊലിമയും ഏറിവന്നു. സസ്യങ്ങള്‍ക്ക്‌ പെട്ടെന്ന്‌ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നൈട്രജന്‍, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ ഇവയുടെ ഏറ്റവും മികച്ച സയോജകമായി മണ്ണ്‌ മാറിയതായിരുന്നു ഇതിനു കാരണം.

മണ്ണിന്റെ അമ്ലത കുറയ്‌ക്കാനുള്ള പ്രകൃതിദത്തമായ ഒരു മാര്‍ഗംകൂടിയാണ്‌ മണ്ണിര വിസര്‍ജ്യം. ഇത്‌ ചെടികളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിച്ചു. പ്രതിരോധശേഷിയുണ്ടാക്കി. കാഫലങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടി, രുചിയില്‍ മുന്നിട്ടുനിന്നു. മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും പരിരക്ഷയായി. വസന്തം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ കൗശലമായി ശാസ്‌ത്രജ്‌ഞന്മാര്‍ ഇതിനെ വിലയിരുത്തി.

മണ്ണില്‍ അഴുകി ചേരുന്നവയെല്ലാം മണ്ണിരയ്‌ക്ക് ഭക്ഷണമാണ്‌. അടുക്കളയിലേയും പറമ്പിലേയും ജൈവ അവശിഷ്‌ടങ്ങള്‍ മണ്ണിര കമ്പോസ്‌റ്റിന്‌ ഏറെ ഉത്തമമാണ്‌. ഇതിനു ഉച്‌ഛിഷ്‌ടം അതിന്റെ പത്തിലൊന്ന്‌ പച്ച ചാണകവുമായി കലര്‍ത്തി നന്നായി നനയ്‌ക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ വീണ്ടും നനച്ച്‌ ഇളക്കണം.

ഈര്‍പ്പം നിലനില്‍ക്കേണ്ടതുള്ളതുകൊണ്ട്‌ തണലുള്ള സ്‌ഥലത്താണ്‌ കമ്പോസ്‌റ്റ് ടാങ്ക്‌ ഉണ്ടാക്കേണ്ടത്‌. ടാങ്കിനകത്തേക്ക്‌ ഉറുമ്പ്‌ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണിരയുടെ മുഖ്യശത്രുവാണ്‌ ഉറുമ്പ്‌. കമ്പോസ്‌റ്റ് ടാങ്കിനു ചുറ്റും ചാലുകീറി അതില്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍ ഉറുമ്പു ശല്യം ഉണ്ടാവില്ല. ടാങ്കിനു മുകളില്‍ ഒരു കമ്പിവലകൊണ്ടു മൂടിയാല്‍ എലിശല്യവും ഉണ്ടാവില്ല. കമ്പിവലയ്‌ക്കു മുകളില്‍ നാല്‌ കല്ലുകള്‍വച്ച്‌ അവയ്‌ക്കു മുകളില്‍ ഫൈബര്‍ ഷീറ്റുവച്ചാല്‍ വെയിലും മഴയും ഏല്‍ക്കാതിരിക്കും. ഫൈബര്‍ ഷീറ്റ്‌ കാറ്റിനു പറക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

സ്വന്തം ശരീരത്തിന്റെ പകുതിഭാരം ഭക്ഷണമാണ്‌ ഒരു ദിവസം മണ്ണിരയ്‌ക്കു വേണ്ടത്‌. അതിനാല്‍ ഒരു കിലോ പാഴ്‌വസ്‌തുക്കള്‍ മണ്ണിരക്കമ്പോസ്‌റ്റാകാന്‍ ആയിരത്തിലധികം മണ്ണിരകള്‍ വേണം. രണ്ടുമാസത്തിനകം ഇവ മുട്ടയിട്ടു പെരുകി പതിനായിരങ്ങളും അതിലധികവും ആവും. ഇതിനു ടാങ്കില്‍ മതിയായ ഈര്‍പ്പം എപ്പോഴും ഉണ്ടായിരിക്കണം. എന്നാല്‍ ഈര്‍പ്പം അധികമായാല്‍ മുട്ടയിട്ട്‌ പെരുകുന്നതും കുറവായിരിക്കും. മണ്ണിര പെരുകുന്നതിനൊപ്പം അവയ്‌ക്ക് ഭക്ഷിക്കാന്‍ പാഴ്‌വസ്‌തുക്കളും ടാങ്കില്‍ നിക്ഷേപിക്കേണ്ടതുണ്ട്‌. ചാണകവും ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. എന്നാല്‍ വിരയിളക്കാന്‍ മരുന്നുകൊടുത്ത കാലികളുടെ ചാണകം വര്‍ജിക്കുന്നതാണ്‌ നല്ലത്‌.

രണ്ടുമാസം കഴിഞ്ഞാല്‍ വേസ്‌റ്റ് നല്ല മണ്ണിര വളമായി മാറും. ഇത്‌ നേരിട്ട്‌ കൃഷിക്കുപയോഗിക്കാം. ടാങ്കിലെ ദ്രാവകത്തിനും വളത്തിന്റെ ഗുണമുണ്ട്‌. ഇതില്‍ നാലിരട്ടി വെള്ളം ചേര്‍ത്ത്‌ വേണം ചെടികള്‍ക്ക്‌ നല്‍കാന്‍. മണ്ണ്‌ പൊലിമയുള്ളതാകാനും വിളകളില്‍ മേനിയഴക്‌ കൂടാനും ഈ മണ്ണിര വളത്തിന്‌ കഴിയും. മണ്ണിര വളം ഉപയോഗിക്കുന്നതിന്‌ ആനുപാതികമായാണ്‌ മണ്ണിന്റെ ആരോഗ്യം വര്‍ധിക്കുന്നത്‌. ആരോഗ്യം വര്‍ധിച്ച മണ്ണില്‍ ഏതു വിളകളും ഊര്‍ജസ്വലതയും മേനിയഴകുള്ളതുമായിരിക്കും. കൃഷിയുടെ ഉല്‍പാദനച്ചെലവ്‌ കുറയുന്നതോടൊപ്പം പരിസരം വൃത്തിയുള്ളതായിരിക്കും എന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം.

രണ്ടുമാസംകൊണ്ട്‌ മണ്ണിരകള്‍ വേസ്‌റ്റ് വളമാക്കി മാറ്റിയിരിക്കും. ഇപ്രകാരം വളമായി മാറിയ വേസ്‌റ്റില്‍നിന്നു മണ്ണിരകളെ മാറ്റിയാണ്‌ കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌. ടാങ്കിലെ മണ്ണിരകളെ വീണ്ടും വളമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്താം. ഇതിന്‌ ടാങ്കിനു മുകളിലെ ഷീറ്റ്‌ മാറ്റി ടാങ്കിലേക്കു വെയില്‍ കടക്കാനവസരംകൊടുക്കണം.

ഉച്ചയ്‌ക്ക് രണ്ടുമണിക്കൂര്‍ നേരം ടാങ്കിനകത്തേക്ക്‌ വെയിലേറ്റാല്‍ കമ്പോസ്‌റ്റിന്റെ മുകള്‍ഭാഗത്തുള്ള മണ്ണിരകള്‍ മുഴുവന്‍ ടാങ്കിന്റെ അടിയിലേക്കു നീങ്ങും. ഈഘട്ടത്തില്‍ വേണം മുകളില്‍നിന്നു കമ്പോസ്‌റ്റ് എടുത്തു മാറ്റാന്‍. ഇപ്രകാരം മാറ്റിയ കമ്പോസ്‌റ്റ് ഈര്‍പ്പം തട്ടാതെ തണലത്ത്‌ വേണം സൂക്ഷിക്കാന്‍. രണ്ടുവര്‍ഷം വരെ യഥാര്‍ഥ ഗുണത്തില്‍ ഇത്‌ ഉപയോഗിക്കാനാകും.

ടാങ്കില്‍നിന്ന്‌ എടുത്തുമാറ്റിയ കമ്പോസ്‌റ്റിനു പകരം വീണ്ടും ജൈവ വേസ്‌റ്റ് ടാങ്കില്‍ നിക്ഷേപിക്കാം. ഒപ്പം ചാണകവും കഞ്ഞിവെള്ളവും ആവാം. ടാങ്ക്‌ പഴയപോലെ വീണ്ടും തണലില്‍ സൂക്ഷിക്കാം. അപ്പോള്‍ ടാങ്കിനടിയിലെ പഴയ മണ്ണിരകള്‍ ടാങ്കിനു മുകളിലെത്തി അതിനകത്തെ ജൈവ വേസ്‌റ്റ് വളമാക്കി മാറ്റും. രണ്ടുമാസമെത്തുമ്പോള്‍ ഇതും വളമായി ഉപയോഗിക്കാം.

എല്ലാവിധ ജൈവ ഉച്‌ഛിഷ്‌ടങ്ങളും മണ്ണിരകള്‍ക്ക്‌ ആഹാരമാണ്‌. മണ്ണിരകളുടെ ഈ മൃഷ്‌ടാന്നം തിരിച്ച്‌ മണ്ണിലെത്തുന്നതിലെ മികവാണു വിളകളുടെ മേനിയഴക്‌.
 
 കടപ്പാട് : ഫെസ് ബുക്ക് കൂട്ടായ്മ ആയ  കൃഷി ഗ്രൂപ്പിലെ ലേഖനം.