Archive for May 2012

തക്കാളി

തക്കാളി. ചുവന്നു തുടുത്ത തക്കാളികള്‍ ഏവരുടെയും മനം കവരും. അടുക്കളയിലെ ഒഴിച്ച് കൂട്ടാനാവാത്ത ഒരു പച്ചക്കറിയാണ് തക്കാളി. ഈ തക്കാളിയെ കുറിച്ച് നമുക്ക് സംസാരിച്ചാലോ..നിലം തയ്യാറാക്കി അടി വളം ഇട്ടു കൊടുക്കുന്നതും , നല്ലയിനം വിത്തുകള്‍ എവിടെ നിന്ന് കിട്ടുമെന്നും, എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം, തക്കാളി കേരളത്തില്‍ വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടോ, തുടങ്ങിയ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ചര്‍ച്ചയിലേക്ക് പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. 20 ഡിഗ്രി മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയാണ് കൃഷിക്ക് യോജ്യമായത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നിവ തക്കാളികൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ചെറുക്കുന്ന അത്യൂല്പാദനശേഷിയുള്ള ഇനങ്ങളാണ്. നന്നായി കിളച്ച് കല്ലും വേരും നീക്കിയാണ് മണ്ണൊരുക്കേണ്ടത്. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കാം. നിരകള്‍ തമ്മില്‍ രണ്ടര അടിയും വേണം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും. സെന്‍റൊന്നിന് ഒന്നര കിലോ വേപ്പിന്‍പിണ്ണാക്കും, നൂറുകിലോ കാലിവളവും അടിവളമായി ചേര്‍ക്കണം. പറിച്ച് നട്ട് നല്‍പതാം ദിവസം സൊന്‍റൊന്നിന് ഒരു കിലോ നിലക്കടലപ്പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കാം. പച്ചച്ചാണകവും പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പം തല നുള്ളുകയും വേണം. ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും. കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍, മുഞ്ഞ, ഇലപ്പേന്‍, ഇലചുരുട്ടി എന്നിവ ചെടികളെ നശിപ്പിക്കും. മാരകരോഗങ്ങളെ അകറ്റാന്‍ തക്കാളി എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ തക്കാളിക്ക് മാരകരോഗങ്ങളെ അകറ്റാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബ്രിട്ട് ബര്‍ട്ടണ്‍ ഫ്രീമാന്‍, ക്രിസ്റ്റിന്‍ റീമേര്‍സ് എന്നിവരാണ് പഠനം നടത്തിയത്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും ലൈസോപീനിന്റെയും കലവറയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാന്‍സര്‍, ഓസ്റ്റിയോ പോറോസിസ്(എല്ല് പൊടിയുന്ന അവസ്ഥ), ഹൃദ്രോഗങ്ങള്‍ എന്നിവയെ തടഞ്ഞുനിര്‍ത്താന്‍ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കഴിവുണ്ടത്രെ. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന മറ്റ് പോഷകഘടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നന്നായി പാചകം ചെയ്ത് കഴിഞ്ഞാലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ലൈസോപീനിനുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍ വേണ്ടെങ്കില്‍ തക്കാളി കഴിക്കൂ കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മരുന്നിന് പകരം പാകം ചെയ്ത തക്കാളി കഴിച്ചുനോക്കൂ. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തക്കാളിക്ക് ഫുള്‍ മാര്‍ക്കാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ എന്ന ചുവപ്പ് നിറമാണ് ഇതിന് നിദാനം. തണ്ണിമത്തന്‍, പപ്പായ, പേരയ്ക്ക, പിങ്ക് ഗ്രേപ് ഫ്രൂട്ട് എന്നിവയിലും ചെറിയ അളവില്‍ ലൈപോസിന്‍ ഉണ്ട്. അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ പീറ്റല്‍ ഫാക്കറും സഹപ്രവര്‍ത്തക കരീന്‍ റീഡുമാണ് കൊളസ്‌ട്രോള്‍, ബിപി എന്നിവയുടെ നിയന്ത്രണത്തിന് ലൈപോസിന്റെ പങ്ക് കണ്ടെത്തിയത്. പ്രതിദിനം 25 മില്ലിഗ്രാം ലൈപോസിന്‍ ഉപയോഗിച്ചാല്‍ 10 ശതമാനം കൊളസ്‌ട്രോള്‍ കുറയുമെന്നാണ് ഇവര്‍ കണ്ടെത്തിയത്.

by navas shamsudeen. No Comments

പയര്‍ കൃഷി

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്. വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്. റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല. കുമ്മായം പുരട്ടുന്ന വിധം റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും. നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും. കീട നിയന്ത്രണം പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം. കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക. മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക. ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക. ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക. രോഗ നിയന്ത്രണം കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക. മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക. ജൈവ കീടരോഗ നിയന്ത്രണം ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം. കടപ്പാട് : ഫെസ് ബുക്ക് കൂട്ടായ്മ ആയ കൃഷി ഗ്രൂപ്പിലെ ലേഖനം

by navas shamsudeen. 2 Comments