Archive for June 2012

അമൃത്മരണത്തെ ഇല്ലാതാക്കുന്നത് എന്താണോ അതാണ് അമൃത്.ചിററമൃത്,കാട്ടമൃത് എന്നിങ്ങനെ രണ്ടുതരം അമൃത് ഉണ്ട്.അമൃതിന്‍റെ തണ്ടാണ് ഔഷധമായ് ഉപയോഗിക്കുന്നത്.അമൃതിന് പനിയെ കെടുത്തുവാന്‍ അസാമാന്യശേഷിയുണ്ട്.അമൃതോത്തരം കഷായത്തില്‍ വെട്ടുമാറന്‍ഗുളിക ചേര്‍ത്ത് കഴിയ്ക്കുന്നത് പനിയെ മെരുക്കാന്‍ ഉത്തമമാണ്.അമൃത് ചതച്ച് കഷായം ആക്കി സേവിച്ചാല്‍ മഞ്ഞപിത്തം,ചുമ,ഛര്‍ദ്ദി മുതലായ അസുഖങ്ങള്‍ ഭേദമാവും.അമൃത് രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.വൃക്കരോഗത്തിന് അമൃതിന്‍നീര് 15മി.ലി രാവിലെയും വൈകിട്ടും സേവിക്കുന്നത് ഗുണകരമാണ്.പ്രമേഹത്തിന് അമൃത്,നെല്ലിക്ക ഇവയുടെ നീരില്‍ മഞ്ഞള്‍പ്പൊടിചേരത്ത് കഴിക്കാം.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.അമൃതിന്‍റെ നൂറ് എടുത്ത് കൊടുവേലി കഷായത്തില്‍ കുറുക്കി മെഴുക്കാക്കി 2ഗ്രാം വീതം കഴിച്ചാല്‍ പ്രമേഹം മാറും എന്ന് സിദ്ധവൈദ്യം പറയുന്നു.

അമൃത് അധിക അളവ് ഉളളില്‍ ചെന്നാല്‍ ഛര്‍ദ്ദിയുണ്ടാവാം.ചിററമൃതിന്‍ കഷായം ചിലതരം ക്യാന്‍സറുകള്‍ ഭേദമാക്കുമത്രെ.അമൃതിന്‍റെ തണ്ടിലുളള മൊരി ചുരണ്ടി കളഞ്ഞശേഷം ആണ് ഉപയോഗിക്കൂന്നത്.അമൃതാരീഷ്ടം,ഗുളുച്യാദി തൈലം തുടങ്ങിയ യോഗങ്ങളിലെ മുഖ്യചേരുവ അമൃതാണ്.


കടപ്പാട് : ഏറ്റവുമടുത്ത സുഹൃത്ത്
ചിത്രം : വിക്കീ പീഡിയ

ശതാവരി
ശതാവരി(Asparagus racemoses wild)

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ‌
ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.
വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി പുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.


കടപ്പാട് : കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍

ആര്യവേപ്പ്


ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.


ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.

ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.

മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.

വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.

പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.

മഞ്ഞപ്പിത്തം - 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു.

മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക.

ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും.

വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും.

വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും.

അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക.

വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും.

വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു.

വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും.

വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു,

വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്.

ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്.

ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും.

ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി.

വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.

സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും.

വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക.

വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു.

ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും.

പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.

ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു.

വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു.

150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്.

മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍‍ നിര്‍മ്മിക്കുന്നതിനായി വേപ്പില വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെ വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍‍ പഴുത്ത് വീഴുന്ന വേപ്പിന്‍‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം

പാലിനെ പണമാക്കാന്‍ മൂല്യവര്‍ധനയുടെ മന്ത്രവും തന്ത്രവുംഡോ. സാബിന്‍ ജോര്‍ജ്

നാരായണന്‍ നമ്പൂതിരിയുടെ സ്വപ്നങ്ങളില്‍ ക്ഷീരവൃത്തിയുടെ ഭാവി നറുംപാല്‍ പോലെ വെണ്‍മയുള്ളതും വൃന്ദാവനം പോലെ മനോഹരവുമാണ്. പാല്‍ അമൂല്യവസ്തുവാകുമെന്നും പാലുത്പാദകന്‍ വിപണിയിലെ താരമാകുമെന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ആത്മവിശ്വാസം തൃശൂര്‍ അന്തിക്കാട് പഴങ്ങാപറമ്പ് മനയിലെ ഈ നാല്‍പത്തിനാലുകാരന് നല്‍കിയത് പ്രതിസന്ധികളില്‍ കൈപിടിച്ചുയര്‍ത്തിയ തന്റെ ഗോക്കളിലുള്ള അചഞ്ചലവിശ്വാസം. പാലായും തൈരായും, വെണ്ണയും നെയ്യുമായും കൈപ്പുണ്യം നിറഞ്ഞ ഉത്പന്നങ്ങള്‍ 'ഓംകൃഷ്ണ' ഗോശാലയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഈ വിശ്വാസം തെറ്റിക്കാന്‍ ഉത്പാദകനും ഉപഭോക്താവിനുമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അച്ഛനും അമ്മയും ഭാര്യ ശ്രീലതയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് 'ഓംകൃഷ്ണ' ഗോശാലയുടെ മാനേജ്മെന്റ് കമ്മറ്റി. രണ്േടാ മൂന്നോ പശുക്കളെ സ്ഥിരം വളര്‍ത്തിയിരുന്ന മനയിലെ തൊഴുത്ത് ഒരു വലിയ ഗോശാലയായി മാറിയത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നിലാണ്. ഉപജീവനം നടത്താന്‍ സഹായിച്ചിരുന്ന റൈസ്മില്ല് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൈത്താങ്ങായത് തൊഴുത്തിലേക്ക് പുതിയതായി എത്തിയ പത്തോളം പശുക്കള്‍. ഇന്ന് മുപ്പതോളം പശുക്കളും 200 ലിറ്ററോളം പ്രതിദിന പാലുത്പാദനവുമായി പഴങ്ങാപറമ്പ് മന തൃശൂര്‍ ജില്ലയിലെ മികച്ച ഡയറിഫാമുകളിലൊന്നായി മാറിയിരിക്കുന്നു.

പാലുത്പാദനത്തേക്കാള്‍ മൂല്യവര്‍ധനയുടെ വഴിയിലൂടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന തന്ത്രമാണ് നാരായണന്‍ നമ്പൂതിരിയുടേത്. അതിനാല്‍തന്നെ തൊഴുത്തിലെ പശുക്കളുടെ തെരഞ്ഞെടുപ്പുപോലും പാലിന്റെ ഗുണമേന്മകൂടി കണ്ടറിഞ്ഞു മാത്രം. കൊഴുപ്പു കൂടിയ പാല്‍ ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍. ഇതിനായി പ്രദേശിക വിപണിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ മികച്ചയിനം പശുക്കളെ മാത്രം കണ്െടത്തി ഇവിടെയെത്തിക്കുന്നു. ജേഴ്സി, ഹോള്‍സ്റീന്‍ സങ്കരയിനങ്ങള്‍ അടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്ക് കാണിക്കാറില്ല. കൃത്യമായ പ്രത്യുത്പാദന പരിപാലനത്തിലൂടെ തൊഴുത്തിലെ എണ്‍പത് ശതമാനത്തിലധികം പശുക്കളേയും പാലുത്പാദനത്തിന്റെ വിവിധ ഘടങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ നാരായണന്‍ നമ്പൂതിരിയും വിജയിക്കുകയാണ് പതിവ്. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ പശുക്കളെ ഗര്‍ഭം ധരിപ്പിക്കുക എന്നതാണ് പശുവളര്‍ത്തലിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നെന്നുനാരായണന്‍ വിശ്വസിക്കുന്നു.

പാലിന്റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ് അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമവും വിട്ടുവീഴ് ചകളില്ലാതാണിവിടെ. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്നേക്കറോളം സ്ഥലത്ത് വളര്‍ത്തുന്ന തീറ്റപ്പുല്ലിന്റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്ക് വഴി തുറക്കുന്നു. സി. ഒ-3, തുമ്പൂര്‍മുഴി, കിളികുളം തുടങ്ങിയ ഇനങ്ങളൊക്കെ ഇദ്ദേഹം വളര്‍ത്തുന്നു. കൂടാതെ കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തിനനുസരിച്ച് നല്‍കുന്നു. പാലിന്റെ ഘടന, പ്രത്യേകിച്ച് കൊഴുപ്പിന്റെ അളവ് എന്നിവ നിലനിര്‍ത്തുന്നതായിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് നമ്പൂതിരിയുടെ അഭിപ്രായം.

രണ്ടു പശുക്കളെ ഒരു സമയം കറക്കാന്‍ കഴിയുന്ന മില്‍ക്കിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലില്‍ നൂറു ലിറ്ററോളം നേരിട്ട് പ്രാദേശികവിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഏകദേശം 300 ലിറ്റര്‍ പാല്‍ ഇവിടെ പ്രതിദിനം ആവശ്യമുണ്ട്. കൂടുതലായി വേണ്ടിവരുന്ന പാല്‍ മറ്റു കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വാങ്ങിച്ച് മനയിലെത്തിക്കണം. പാലിന്റെ ഗുണമേന്മയിലും നമ്പൂതിരിയുടെ കൈപ്പുണ്യത്തിലും നാട്ടുകാര്‍ക്ക് 'തകര്‍ക്കാന്‍ പറ്റാത്ത' വിശ്വാസമാണെന്നതിന് തെളിവ് പുലര്‍ച്ചെ അഞ്ചുമണിമുതല്‍ വീട്ടിലെത്തുന്ന ഉപഭോക്താക്കളുടെ നിര തന്നെയാണ്.

ക്രീം സെപ്പറേറ്റര്‍, പാക്കിങ്ങ് മെഷീന്‍, പാത്രങ്ങള്‍ ഇവയൊക്കെ നിറയുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ മുറിയാണ് മനയിലെ ഫാക്ടറി. ഭാര്യ ശ്രീകലയുടെ നിയന്ത്രണത്തില്‍ ഏതാനും വനിതകളാണ് പ്രതിദിനം മൂന്നൂറ് ലിറ്റര്‍ പാല്‍ വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. നാടന്‍ തൈര്, സംഭാരം, വെണ്ണ, നെയ്യ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഒരു ലിറ്റര്‍ തൈരിന് 30 രൂപയാണ് വില. വെണ്ണ, നെയ്യ് ഇവയ്ക്ക് യഥാക്രമം കിലോഗ്രാമിന് 300, 400 രൂപ നിരക്കുകളിലാണ് വിപണനം. തൈര് നിര്‍മിക്കാനാവശ്യമായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ (ഉറ) പൂനയിലെ സ്വകാര്യകമ്പനിയില്‍ നിന്ന് വാങ്ങുന്നു. ഉത്പന്നങ്ങള്‍ക്ക് കണ്െടത്തിയിരിക്കുന്ന ശക്തമായ പ്രാദേശികവിപണിതന്നെ വിജയ തന്ത്രം. ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മ ഈ ബ്രാഹ്മണന്റെ വിജയമന്ത്രവും.

തൊഴുത്തിലും ഉത്പന്നനിര്‍മാണത്തിലുമായി പത്തോളം തൊഴിലാളികളാണ് ഫാമിലുള്ളത് തൊഴുത്തിലെ ചാണകം ബയോഗ്യാസ് പ്ളാന്റിലുപയോഗിക്കുന്നതനു പുറമേ നേരിട്ട് വില്‍പന നടത്തിയും വരുമാനമാക്കി മാറ്റുന്നു. തീറ്റപ്പുല്‍കൃഷിക്കാവശ്യമായ വെള്ളവും ചാണകവും തൊഴുത്തില്‍ നിന്നു തന്നെ. പുലര്‍ച്ചെ രണ്ടു മണിയോടെ തൊഴുത്തില്‍ നേരം പുലരുന്നു. അഞ്ചുമണിയോടെ മനയുടെ മുമ്പില്‍ പാലിനായി ആളുകള്‍ എത്തിതുടങ്ങും. ജീവിതം തിരക്കിട്ടതെങ്കിലും സംതൃപ്തമെന്ന് നാരായണന്റെ സാക്ഷ്യം. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാരായണന്‍ ഡയറിഫാമിംഗിന് ഭാവിയില്‍ കാണുന്നത് അനന്തസാധ്യതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. ആര്‍ നാരായണന്‍, പഴങ്ങാപറമ്പ് മന പി. ഒ., അന്തിക്കാട് , തൃശൂര്‍

കടുക്ക


പ്രസിദ്ധമായ ത്രിഫലയില്‍ പെട്ട ഒരു ഔഷധമാണ് കടുക്ക.നെല്ലിക്ക പോലെ കടുക്കയും ഒരു രസായനദ്രവ്യമാണ്.ഉഷ്ണവീര്യത്തോടുകൂടിയ കടുക്ക ബുദ്ധിബലവും ഇന്ദ്രിയബലവും പ്രദാനം ചെയ്യുന്നു.കരള്‍വീക്കത്തിനും,മഹോദരത്തിനും കടുക്കയുടെ ഉപയോഗം പ്രയോജനം ചെയ്യും.കടൂക്കാപ്പൊടി തേന്‍ചേര്‍ത്ത് തൊണ്ടപഴുപ്പിന് പുരട്ടാം.വായ്പുണ്ണിനും,പുഴുപ്പല്ലിനും കടുക്കയുടെ ഉപയോഗം നല്ല ഫലം ചെയ്യും .കടുക്ക മുഖ്യചേരുവ ആയ അഭയാരിഷ്ടം മലബന്ധത്തെയകറ്റും.കടുക്ക ഏഴ് തരമുണ്ട് എന്ന് ആയുര്‍വേദം പറയുന്നു.

ഓണക്കാലത്ത് ധാരാളമായി കണ്ടുവരുന്ന കടുക്ക മിക്ക രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ്. കോംബ്രിട്ടേസി എന്ന കുടുംബത്തില്‍പെടുന്ന കടുക്കയുടെ ശാസ്ത്രനാമം ടെര്‍മിനേലിയ ചെബുല എന്നാണ് . മഞ്ഞുകാലത്തും വേനല്‍കാലത്തും ഒരുപോലെ ഇല പൊഴിക്കുന്ന ചെടിയാണിത്. ഇതിന്റെ ശാഖകളുടെ അഗ്രത്തായി വെളുപ്പു നിറത്തോടുകൂടിയ പൂങ്കുലകള്‍ കാണുന്നു. കയ്പും മധുരവും ഒരുപോലെ അനുഭവപ്പെടുന്നതാണ് വിത്ത്. ദഹനത്തിനാണിത് കൂടുതലായി സഹായിക്കുക. വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ഔഷധങ്ങളില്‍ കടുക്ക പ്രധാനമായും ഉപയോഗിക്കുന്നു. കൂടാതെ അതിസാരം, വ്രണങ്ങള്‍, പൊള്ളല്‍, അര്‍ശ്ശസ്സ് എന്നിവ ഇല്ലാതാക്കാനുള്ള ഔഷധമായും കടുക്ക ഉപയോഗിക്കുന്നു.

ഇത് വലിയ മരമായി വളരുന്ന ഔഷധസസ്യമാണ്. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. യോജ്യമായ പരിത:സ്ഥിതിയില്‍ 8-)0 വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും.
കടപ്പാട് : ഏറ്റവുമടുത്ത ഒരു സുഹൃത്ത്. കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍
നെല്ലിക്ക


ലവണരസം ഒഴിച്ചുളള അന്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.എന്കിലും അമ്ലരസം കുറച്ച് മുന്നിട്ട് നില്‍ക്കുന്നുണ്ട്.നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിച്ച് ആരോഗ്യം കാക്കുന്നു.എന്നും നെല്ലിക്കാവെളളത്തില്‍ കുളിച്ചാല്‍ ജരാനരകള്‍ ഉണ്ടാവില്ല എന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.മാത്രമല്ല നൂറ്റാണ്ടുകള്‍ ആയുസ്സും ഉണ്ടാവും പോലും.ഇതില്‍ നിന്ന് തന്നെ നെല്ലിക്കയുടെ ഗുണങ്ങള്‍ വ്യക്തമാണല്ലോ?

നെല്ലിക്കയുടെയും കയ്യന്യത്തിന്‍റെയും ചൂര്‍ണ്ണം കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും, കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്‍ത്ത് കഴിക്കുന്നത് വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്‍ഭോത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം സി യുടെ കലവറയാണ്.

നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാവുമെന്നുപറയുന്നു.തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്‍ദ്ധിക്കും

നെല്ലിക്ക മഹാത്മ്യം
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും
ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,

ജലദോഷം
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം • പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ് • ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ് • ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം • പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു • മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര • മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന്
ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍ • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക. • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം • കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും • ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി • തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
അലര്‍ജി
• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നത് അലര്‍ജിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

കടപ്പാട് .. ശ്രീ നന്ദകുമാര്‍ മാടവന indimate

ഞെരിഞ്ഞില്‍

[1]


ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും ,മൂത്ര തടസം മാറ്റാനും ,ഹൃദ്രോഗം,പ്രമേഹം,അശ്മരി, ശ്വാസ കോശ രോഗം ,എന്നിവ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നീര് കുറക്കുന്നു,വാതവും,ത്രിധോഷവും ശമിപ്പിക്കുന്നു.മൂത്രതടസം നിമിത്തം മൂത്രമാര്‍ഗത്തില്‍ വേദനയുണ്ടായാല്‍ 50 ഗ്രാം ഞെരിഞ്ഞില്‍ ചതച്ചു ഒന്നര ഗ്ലാസ്‌ വെള്ളത്തില്‍
കഷായം വെച്ച് ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ചു 40 മില്ലി വീതം നാലു നേരം കുറച്ചുദിവസം സേവിച്ചാല്‍ ശമനമുണ്ടാകും.
ലൈംഗിക ശക്തി വര്‍ധിക്കുന്നതിനു ഞെരിഞ്ഞിലും,അമുക്കുരവും തുല്യ അളവില്‍ എടുത്തു പൊടിച്ചു 15 ഗ്രാം പോടീ തേന്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുകയും പുറമേ പാല് കുടിക്കുകയും ചെയ്യുക.ലൈംഗിക ശേഷി വര്‍ദ്ധിക്കുന്നതിനും ,ശരീര പുഷ്ടി ഉണ്ടാകുന്നതിനും നല്ലതാണു.

ഉഴിഞ്ഞ


പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

ഉഴിഞ്ഞ (ഇന്ദ്രവല്ലി )വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.
ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ചു നന്നായി അരച്ച് പുരട്ടിയാല്‍ നീര്,വാതം,സന്ധികളില്‍ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.
മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ സമൂലമെടുത്തു കഷായം വെച്ച് രണ്ടു നേരം 30 ml വേതം മൂന്ന് ദിവസം സേവിച്ചാല്‍ രോഗം ശമിക്കുന്നതാണ്.
ആര്‍ത്തവ തടസത്തിനു ഉഴിഞ്ഞയില വറുത്തരച്ചു അടിവയറ്റില്‍ പുരട്ടിയാല്‍ ഫലപ്രദമാണെന്ന് കണ്ടുവരുന്നു.

കടപ്പാട് ., ഫെയ്സ് ബുക്ക്‌ കൂട്ടായ്മ ആയ കൃഷിയിടം ഗ്രൂപ്പ്

ചേന

ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന മറ്റൊരു കിഴങ്ങുവര്‍ഗവിളയാണ്‌ ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്‍മണ്ണുമായി ചേര്‍ത്ത്‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്‍നിന്ന്‌ ഒന്നിലധികം കിളിര്‍പ്പ്‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്‍ക്കാലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്‍തന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും


ചീരയെ പറ്റി കൂടുതല്‍ അറിയൂ..


ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്‍ത്തന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും.


ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം.


ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്‍കാം. ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്‍ക്കണം.


ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം.


ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്‍നാശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.


ഗോമൂത്രവും കാന്താരിമുളകും ചേര്‍ത്ത് മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്താണ് തളിക്കേണ്ടത്.


ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലര്‍ത്താം. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്‍ത്താമെന്നത് കര്‍ഷകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്‍ത്തി നടുന്നതും ഗുണം ചെയ്യും.

വിവിധയിനം ചീരകൾ

പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.


ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)

കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.


മുള്ളന്ചീര Amaranthus spinosus, Prickly Amaranth.
ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.


പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
പാലക്. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജ‌ഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാ‍രണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.

രോഗങ്ങൾ / കീടങ്ങൾ
ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ്‌ ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന്‌ ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന്‌ ഉപകരിക്കും. ഡൈത്തേൺ എം-45 എന്ന രാസകീടനാശിനി വെള്ളത്തിൽ കലക്കി ചെടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും; പാൽകായം സോഡാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയുമാവാം. [1]
ഉപയോഗങ്ങൾ

ഇലക്കറി
വാതസംബന്ധിയായ അസുഖങ്ങൾ
മൂത്രാശയ രോഗങ്ങൾ
കുട്ടികളിൽ അജീർണ്ണം ശമിപ്പിക്കും
ശുക്ലവർദ്ധകം
മലബന്ധം ശമിപ്പിക്കും
ത്വക് രോഗങ്ങൾ ശമിപ്പിക്കും
നേത്രരോഗങ്ങൾ

പോഷകമൂല്യം
ചീര, പാകം ചെയ്യാതെ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal 100 kJ
അന്നജം 3.6 g
- പഞ്ചസാരകൾ 0.4 g
- ഭക്ഷ്യനാരുകൾ 2.2 g
Fat 0.4 g
പ്രോട്ടീൻ 2.9 g
ജീവകം എ equiv. 469 μg 52%
- β-കരോട്ടീ‍ൻ 5626 μg 52%
Folate (ജീവകം B9) 194 μg 49%
ജീവകം സി 28 mg 47%
ജീവകം ഇ 2 mg 13%
ജീവകം കെ 483 μg 460%
കാൽസ്യം 99 mg 10%
ഇരുമ്പ് 2.7 mg 22%.


കടപ്പാട്... കൃഷി ഗ്രൂപ്പിലെ സുഹൃത്തായ indimate

by navas shamsudeen. 3 Comments