Archive for September 2012

കർഷകർ മ്യൂസിയത്തിലേക്കോ..


     നെന്മാറ. പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമം, തൃശ്ശൂർ പൂരത്തിനൊപ്പം വരില്ലെങ്കിലും പ്രസിദ്ധമായ ഒരുത്സവമാണു നെന്മാറ വല്ലങ്ങിവേല. മീനമാസം പൂയം നാളിലുള്ള വെടിക്കെട്ടും അത്ര തന്നെ പ്രശസ്തംവെടിക്കെട്ട്, പഞ്ചവാദ്യം, എഴുന്നള്ളിപ്പ് അങ്ങനെ തുടങ്ങി എല്ലാ കാര്യത്തിലും  നെന്മാറ, വെല്ലങ്ങി രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ മത്സരവും ഉത്സവം കാണാനെത്തുന്നവർക്കു വീക്ഷിക്കാവുന്നതാണു., ഒരു പാലക്കാടൻ ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും മുഖമുദ്രയാക്കിയ ഒരു നാട്. കർഷകരുടെ നാട്. പ്രത്യേകതകളായിരുന്നു നെന്മാറയെ എന്റെ പ്രിയപ്പെട്ട ഗ്രാമമാക്കി മാറ്റിയത്. എന്നാലിന്ന് നെന്മാറ എന്റെ മനസ്സിൽ മാത്രമല്ല മനസ്സാക്ഷിയുള്ള ഒരോ മലയാളിയുടെയും മനസ്സിൽ ഒരു നെരിപ്പോട് തീർക്കുന്നു

     ആണ്ട് മുഴുവൻ വെള്ളവും വളവും കൊടുത്ത് കുട്ടികളെപോലെ പരിചരിച്ച പച്ചക്കറികൾ വിളവെടുത്ത ശേഷം വിപണി കാത്തിരുന്ന നെന്മാറയിലെ കർഷകരുടെ ഇടനെഞ്ചിലേക്കു മറ്റൊരു വെടിക്കെട്ടായി സംഭവം മാറി. കൊള്ളലാഭം പ്രതീക്ഷിച്ചെത്തിയ ഇടനിലക്കാർ കർഷകരുടെ ഉത്പന്നങ്ങൾക്കു പുല്ലുവില പോലും നൽകാൻ തയ്യാറില്ലെന്നു പ്രഖ്യാപിച്ചപ്പോൾ 1300 ഓളം ഏക്കറിൽ നിന്നും കൃഷി ചെയ്തെടുത്ത ടൺകണക്കിനു പച്ചക്കറികൾ മുന്നിൽ വെച്ച് അവർ മുഖത്തോട് മുഖം നോക്കി. ലക്ഷങ്ങൾ കാർഷിക വായ്പയെടുത്ത് കൃഷി നടത്തിയിട്ടും മുടക്കു മുതലിന്റെ നാലിലൊന്നു പോലും തിരിച്ചു കിട്ടില്ലെന്ന ദുരവസ്ഥ അവരെ നോക്കി പല്ലിളിച്ചു കാട്ടി. സർക്കാരോ, സർക്കാർ വക സംവിധാനങ്ങളോ ചെറു വിരലക്കാൻ പോലും തയ്യാറാകാതെ വന്നപ്പോൾ അവർക്കു മുന്നിൽ മറ്റു വഴികൾ ഇല്ലാതെ വന്നു. പാവങ്ങൾ കുഴികുത്തി തുടങ്ങി., വാർത്ത വന്നു തുടങ്ങിയപ്പോൾ ആരൊക്കെയോ ഉണർന്നു., പ്രസ്താവനകൾ, വാഗ്ദാനങ്ങൾ. കാർഷിക കേരളത്തിന്റെ ദയനീയമുഖം.

     കർഷകരുടെ ദീനരോദനം വായുവിലലിഞ്ഞു ഇല്ലാതായെങ്കിലും വിപണിയിലെ സ്ഥിതിയോ., പച്ചക്കറിയെ തൊട്ടാൽ പൊള്ളും. തീ പിടച്ച അഥവാ തീ പിടിപ്പിക്കപ്പെട്ട വില. അതും തമിഴ്നാടിന്റെ ദാനം. ഏതൊക്കെ വിഷം വിപണിയിലും അല്ലാതെയും ലഭ്യമാണൊ അതൊക്കെ തളിച്ച് രായ്ക്കുരാമാന കേരള വിപണിയിലെത്തുന്ന പച്ചക്കറികളൊക്കെയും അമൃതുപോലെ മലയാളികൾ വയറ്റിലാക്കുന്നു. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും അനുബന്ധമായി കച്ചവടം കൊഴുപ്പിക്കുന്നു. ഒരു വശത്ത് കേരളത്തിലെ കർഷകർക്ക് വിപണിയും വിലയും കിട്ടാതെ വിഷമിക്കുമ്പോൾ അതിർത്തി കടന്നു യഥേഷ്ടം പച്ചക്കറികളുൾപ്പടെയുള്ള വസ്തുക്കൾ ഇവിടെയെത്തുന്നു. തമിഴ്നാട് അരിയും പച്ചക്കറികളും തന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുമെന്ന അവസ്ഥ സംജാതമാക്കിയെടുക്കുന്നതിൽ ഭരണകൂടവും പിണിയാളുകളും വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പാടങ്ങൾ തരിശിടുകയും, പലവിധ പ്രശ്നങ്ങൾ കൊണ്ട് ബാക്കിയുള്ള കർഷകരെ കാർഷിക വൃത്തിയിൽ നിന്നകറ്റുകയും ചെയ്യുന്നതോടെ അജണ്ട പൂർത്തിയാകുകയും ചെയ്യും. പുതിയ കാർഷിക നിയമങ്ങൾ പ്രത്യേകിച്ചും പശു വളർത്തലിനു ലൈസൻസ് വേണമെന്നും, (അഞ്ചു പശുക്കൾക്കു മുകളിലേക്ക് വളർത്താൻ) കാലിത്തീറ്റ സബ്സിഡി നിർത്തലാക്കുകയെന്നുമുള്ള വാർത്തകൾ ക്ഷീരകർഷകരുടെ ഹൃദയതാളം തെറ്റിക്കാൻ മാത്രം പര്യാപ്തമാണു., വിദേശകമ്പനികളുടെ പാൽപ്പൊടികൾ ഇറക്കുമതി ചെയ്യാനുള്ള അനുവാദം കൊടുക്കാൻ പോകുന്നു എന്ന വാർത്തയും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണു. ഈ മേഖലയെ താറുമാറാക്കാൻ ആരൊക്കെയോ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നുവെന്നു സ്പഷ്ടം. നന്നായി പാലുല്പാദിപ്പിക്കുന്ന ഒരു നാട്ടിലേക്കു ആ മേഖലയെ തകർത്തിട്ട് വിദേശ പാൽപ്പൊടി ഇറക്കുമതി ചെയ്യുന്നതിന്റെ രാഷ്ട്രീയം എന്തു തന്നെയായാലും അതു ചെന്നു തറയ്ക്കുന്നതു കർഷകന്റെ ഇടനെഞ്ചിൽ തന്നെയാണു. മൃതദേഹം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പാലിൽ ചേർക്കുന്ന നാടൻ കമ്പനിയിലെ  കഠിന ഹൃദയരെക്കാൾ ഈ വരത്തന്മാരെ വിശ്വസിക്കാമെന്നു പറഞ്ഞു നമുക്കു ആശ്വസിക്കാം, അതൊന്നു മാത്രം പോംവഴി. അല്ലെങ്കിൽ തന്നെയും പുറത്ത് നിന്നു ലഭിക്കുന്നതെന്ത് വാങ്ങി കഴിക്കുന്നതും ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിക്കുന്നതും ഒരു പോലെയാണെന്ന കാര്യത്തിൽ ഉദാഹരണങ്ങൾ നിരവധിയല്ലേ.
         കരീം മാഷ് മരുഭൂമിയിൽ കൃഷി ചെയ്യുന്നു

     ഈ വിഷം പണം കൊടുത്ത് വയറ്റിലാക്കുന്ന ശീലം മലയാളികൾക്ക് ഒഴിവക്കാവുന്നതേയുള്ളൂ., സർക്കാരും സംഘടനകളും പലവിധ ആശയങ്ങളും കാലാകാലങ്ങളായി മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഒക്കെയും കെടുകാര്യസ്ഥത മൂലം എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയും നമുക്കു മുന്നിൽ തന്നെ ലഭ്യം. പ്രവാസിയെന്നോ നാട്ടിലുള്ളവരെന്നോ വ്യത്യാസമില്ലാതെ മലയാളികളുടെ ആകുലത ഇക്കാര്യത്തിൽ വർദ്ധിച്ച് വരുന്നതല്ലാതെ ഒരു സംഘടനകളും ഇക്കാര്യത്തിൽ ക്രിയാത്മകമായ ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കാൻ പ്രതിബദ്ധത കാട്ടിയിട്ടില്ല. സ്വന്തം പറമ്പിൽ ഒരു പശുവിനെയോ ആടിനെയോ വളർത്തിയാൽ വീട്ടാവശ്യത്തിനുള്ള പാൽ ലഭിക്കും., ചാണകവും ആട്ടിൻ കാട്ടവും നല്ല വളവും. അടുക്കള മുറ്റത്ത് അത്യാവശ്യം പച്ചക്കറികളും വെച്ചുപിടിപ്പിച്ചാൽ വിഷമുക്തമായ ഭക്ഷണം നമ്മുടെ തീന്മേശയിൽ എത്തില്ലേ. അല്പം മെനക്കേടുള്ളതല്ലേ ഈ പണിയെന്നു നമുക്കു തോന്നിയാലും, സംഗതി വളരെ രസകരവും ഊർജ്ജദായകവുമാണെന്നു അനുഭവസ്ഥർ. നിങ്ങൾക്കുമാകാം. സ്വന്തം മുറ്റത്തും, അടുക്കള വശത്തും, പറമ്പിലും തൊടിയിലും എന്തിനു ടെറസ്സിൽ വരെ നമുക്ക് പച്ചക്കറികൾ ഉത്പാദിപ്പിക്കാം, ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ അയല്പക്കത്ത് കൊടുക്കാം, അവരുത്പാദിപ്പിക്കുന്നത് നമുക്കും. ഈ ഒരാശയം വളരെ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പിലാക്കാൻ പ്രവാസികളെയടക്കം പ്രചോദിപ്പിക്കുകയാണു ഫേസ്ബുക്കിലെ കൃഷിഗ്രൂപ്പിലൂടെ മുന്നോട്ട് വെക്കുന്നത്. ഗ്രൂപ്പിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിരവധിപേർ ഇതിനൊടകം തന്നെ കഴിയുന്ന രീതിയിൽ സ്വന്തമായി കൃഷി ആരംഭിച്ചിരിക്കുന്നു, എന്തു സംശയത്തിനും മറുപടിയും പരിഹാരവും പറഞ്ഞു തരാൻ വിദഗ്ദരുടെ ഒരു നല്ല നിര. ഒരു പറ്റം സുഹൃത്തുക്കൾ സ്വന്തമായി ഡയറി ഫാം വരെ തുടങ്ങിക്കഴിഞ്ഞു. അതിൽ നിന്നുമൊക്കെ മുന്നോട്ട് പോയി ഇപ്പോൾ കേരളത്തിലെ ഉത്പാദന വിപണന രംഗത്ത് ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുക, കർഷകരെ എല്ലാ രീതയിലും സഹായിക്കുക, അവരുടെ ഉത്പന്നങ്ങൾക്കു വിപണി ഉറപ്പാക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാനായി ഒരു കമ്പനി. അതിന്റെ പ്രവർത്തനങ്ങളിലേക്കും എല്ലാവരുടെയും സഹകരണം ആവും വിധം പ്രതീക്ഷിക്കുകയാണു. ഒരു നവ കേരളത്തിനായി, വിഷമുക്തമായ ഭക്ഷണസംസ്കാരത്തിനായി നമുക്കും കൈകോർക്കാം. ആഗസ്ത് ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ച ലേഖനം.