Archive for April 2013

ഡങ്കിപ്പനിയോ..പേടിക്കണ്ട.

ഒരു കാലത്ത് വീട്ടു വളപ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു പപ്പായ മരം. പപ്പായ മരത്തിന്റെ ഗുണഗണങ്ങൾ തിരിച്ചറിയാതെ മലയാളികൾ നിഷ്കരുണം അതിനെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണു. ഡങ്കി പനി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തയാണു പപ്പായയിൽ നിന്നു രോഗമുക്തി എന്നത്. ഡങ്കി പനി പിടിപെട്ടവർക്ക് പപ്പായ ഇല വൃത്തിയായി കഴുകി അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കി ദിവസം മൂന്ന് ഗ്ലാസ് വീതം കൊടുത്താൽ വളരെ പെട്ടെന്ന് രോഗ ശാന്തി കിട്ടും.


കൊളസ്റ്റ്രോളിനെ നിയന്ത്രിക്കാം..

5 കറിവേപ്പില ഇതൾ, 5 വെളുത്തുള്ളി അല്ലി, 5 കുരുമുളക്, അതിനു സമം ഇഞ്ചി എന്നിവ അരച്ച് മോരിൽ ചേർത്ത് 5 ദിവസം വെറും വയറ്റിൽ കഴിക്കുക. പിന്നെ കൊളസ്ട്രോൾ 2 - 3 മാസം പേടിച്ചു മാറി നില്ക്കും .. വീണ്ടും ഇത് പോലെ അഞ്ചു ദിവസം ...

Posted in by navas shamsudeen. 5 Comments

തൊഴിലുറപ്പിന്റെ നന്മകൾ..പുതുതലമുറ കൃഷി ലാഭകരമല്ല എന്ന് വാദിച്ചു കൊണ്ട് പുറംതിരിഞ്ഞു നിൽക്കുമ്പോൾ ജന്മനാ രക്തത്തിൽ അലിഞ്ഞു ചേർന്ന കൃഷിസ്നേഹം ഈ അറുപതാം വയസ്സിലും ഊട്ടിയുറപ്പിക്കുകയാണ് ആലപ്പുഴ ജില്ലയിലെ മധുവെന്ന കർഷകൻ. സർക്കാർ പദ്ധതികളായ സാക്ഷരതാ മിഷൻ, ശുചിത്വ മിഷൻ, ജനകീയാസൂത്രണം, കിലയുടെ ജില്ലാതല റിസോഴ്സ് ഗ്രൂപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് ശ്രീ മധു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കവേ, വളരെയധികം വിമർശനം നേരിടുന്ന ഒന്നാണു ഈ പദ്ധതിയെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനു പ്രധാന കാരണം ലക്ഷ്യബോധമില്ലാതെ വഴിയരുകിലെ പൊന്തക്കാടുകൾ വെട്ടിമാറ്റലും ഓട വൃത്തിയാക്കലും മാത്രമാണ് ഈ പദ്ധതിയുടെ കീഴിൽ വരികയെന്ന് ധരിച്ച് വശായ ഒരു കൂട്ടം ഉദ്യോഗസ്ഥരും തൊഴിലാളികളുമെന്ന് തിരിച്ചറിഞ്ഞു. ഈ ജനശക്തിയെ പ്രയോജനപ്രദമായ രീതിയിൽ എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയുടെ പരിണത ഫലമാണു അദ്ദേഹത്തിന്റെ രണ്ടരയേക്കറിലെ കൂട്ടുകൃഷി. ശ്രീ മധുവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി അദ്ദേഹവുമായി നവാസ് ഷംസുദ്ദീൻ നടത്തിയ സംഭാഷണത്തിൽ നിന്ന് കാതലായ ഭാഗങ്ങൾ ഇ-മഷി വായനക്കാർക്കായി ഈ ലക്കം..

"നമസ്കാരം മധുവേട്ടാ…. മധുവേട്ടനെ കുറിച്ച് ഇ-മഷി വായനക്കാർക്ക് കൂടുതലറിയാൻ താത്പര്യമുണ്ട്."

"നമസ്കാരം ശ്രീ നവാസ്, ഞാൻ ഒരു ഇടത്തരം കർഷക കുടുംബാംഗം ആണ്. കുട്ടനാട്ടുകാരനായ അച്ഛനും, ചേർത്തലക്കാരിയായ അമ്മയും. കുട്ടനാട്ടിലും, പാണാവള്ളിയിലും നെൽകൃഷിയുണ്ടായിരുന്നു അച്ഛന്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ കൃഷികാര്യങ്ങളുമായി അടുത്ത് ബന്ധപ്പെടാൻ സാധിച്ചു. അന്നൊക്കെ കൃഷിയെന്നത് ലാഭത്തേക്കാളുപരി ഒരു ഹരം തന്നെയായിരുന്നു.  72 ല് സര്ക്കാര് ഉദ്യോഗം. 2006 ല് അടുത്തൂണ്.  ഇപ്പോള് വയസ്സ് 61. 2007 ല് വീണ്ടും പാടത്തേയ്ക്ക് ഇറങ്ങി. തോൽവി നുണഞ്ഞു. നിരന്തരം തോറ്റു മടങ്ങി. ഇപ്പോഴുള്ള സാമൂഹ്യ പരിതസ്ഥിതിയില് വലിയ പണംമുടക്ക് ഇല്ലാതെ വെറുതേ അദ്ധ്വാനം മാത്രം കൊണ്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.  ഭാര്യ അദ്ധ്യാപിക. മക്കള് 2 പേര്. അവര്ക്ക് ആര്ക്കും കൃഷിയോട് വെറുപ്പില്ല എന്നേയുള്ളു.  താത്പര്യം പോര. എങ്കിലും ഞങ്ങളുടെ ആവശ്യത്തിനുള്ള കുറച്ചു പച്ചക്കറികള് എപ്പോഴും വീട്ടു വളപ്പില് കിട്ടുന്നു.""സംസ്ഥാന സർക്കാർ വക ജനകീയാസൂത്രണം പോലെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ടെന്നറിയാൻ കഴിഞ്ഞു, വേറെയെന്തൊക്കെയാണീ മേഖലയിലുള്ള അനുഭവപരിചയം?"

"അതേ, സർക്കാരിന്റെ ചില പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും, കഴിയുന്നത്ര അവബോധനം സുഹൃത്തുക്കളിലും, തദ്ദേശവാസികളിലും സൃഷ്ടിക്കാനും ആവുന്നത്ര പരിശ്രമിച്ചിട്ടുണ്ട്. മുഖ്യമായും, സര്ക്കാരിന്റെ സാക്ഷരതാ പരിപാടിയുടെ തുടക്കം മുതലേ സാമൂഹ്യ പ്രവര്ത്തന രംഗത്തുണ്ട്.  ജനകീയാസൂത്രണം, 9,10,11,12 പദ്ധതികളുടെ ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തല പരിപാടികള്, കിലയുടെ ജില്ലാതല റിസോഴ്സ് ഗ്രൂപ്പ്, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ പരിപാടികള് തുടങ്ങി വിവിധ പ്രവര്ത്തനങ്ങളിലും ബന്ധപ്പെട്ടു പ്രവര്ത്തിച്ചിട്ടുണ്ട്."

"ഇപ്പോഴുള്ള തൊഴിലുറപ്പു പദ്ധതി ക്രിയാത്മകമായ രീതിയിൽ മധുവേട്ടൻ കൈകാര്യം ചെയ്തു എന്നു സന്തോഷത്തോടെ മനസ്സിലാക്കി. വളരെയേറെ പരാതി കേട്ടുകൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ മധുവേട്ടനെ ആകർഷിച്ച ഘടകമെന്തായിരുന്നു?"

"ഞങ്ങളുടെത് ആലപ്പുഴ ജില്ല, തൈക്കാട്ടുശ്ശേരി ബ്ലോക്ക്.  ഈ ബ്ലോക്കിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളില് പ്രത്യേകിച്ച് അതിന്റെ ജില്ലാ തല ക്ലാസുകളിലും റിസോഴ്സ് ഗ്രൂപ്പിലും നേരത്തേ മുതല് ഞാൻ പങ്കെടുത്തിരുന്നു. അവിടെ ഉണ്ടാകാറുള്ള ചർച്ചകളും ക്ലാസ്സുകളുമാണ് ഇതിന് എന്നെ പ്രേരിപ്പിച്ചത്. തൊഴിലുറപ്പ് ഗ്രൂപ്പിലെ മേറ്റ്മാര്ക്ക് ക്ലാസ് എടുക്കുമ്പോൾ എന്നെ കൂടുതൽ അലട്ടിയത് ഈ വിഭാഗത്തെക്കുറിച്ചുള്ള അവമതിപ്പുകളാണ്. തൊഴിലിരിപ്പ് കാരെന്നും, തൊഴിലുറക്കക്കാരെന്നും തുടങ്ങി ഒത്തിരി വിശേഷണങ്ങള്! വര്ക്കിംഗ് ക്ലാസ്സ് എന്ന പദവി ഇപ്പോള് അദ്ധ്യാപകരും മിനിസ്റ്റീരിയല് ജീവനക്കാരും ഒക്കെ കൊണ്ടുപോയി. കുറേക്കൂടി വ്യക്തമാക്കിയാല് മണ്ണില് പണിയെടുക്കുന്നവര്ക്ക് ആ പദവി അന്യമായി. ഏതു തൊഴിലും ശ്രേഷ്ഠമാണെന്ന കാഴ്ചപ്പാടിന്റെ കുറവും നിലനിന്നിരുന്നു. അതവിടെ നിൽക്കട്ടെ, നമുക്കു തൊഴിലുറപ്പുകാരിലേക്ക് വരാം. അവര് പച്ചയും കാടും വെട്ടി തരംതിരിവില്ലാതെ ജൈവ നാശം വരുത്തുന്നു, പണിയെടുക്കില്ല, അവര്ക്ക് കൊടുക്കുന്ന കാശ് പാഴാണ്.. പണിയെടുക്കാതെ ഒപ്പിട്ട് പോകുന്നവര് ഉണ്ട്..,അത്തരം വരുമാനം വിവിധ തലങ്ങളില് വീതം വയ്ക്കുന്നു, അങ്ങനെ നീളും ആ പട്ടിക. ഈ പരാതികൾക്കിടയിലും അവർ മണ്ണിൽ പണിയെടുക്കുന്നു എന്നൊരു പൊതുവായ കാര്യമുണ്ടല്ലോ. അതായിരുന്നു എന്നെ ആകർഷിച്ച ഘടകം."

"ഇത്തരമൊരു ആശയത്തിലേക്ക് എത്തുന്നത് മാത്രമല്ലല്ലോ പ്രശ്നം, നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതെങ്ങനെ പ്രായോഗികമാക്കാൻ കഴിഞ്ഞു.?"

"ഇവരുടെ ജോലികൾ ഉത്പാദനപരമാക്കുവാൻ എന്താണു വഴിയെന്നാലോചിച്ചിരിക്കുമ്പോഴാണു നീർത്തട സംരക്ഷണത്തിനുണ്ടായിരുന്ന പഴയ പത്ത് ഇനം ജോലികളും കൂടാതെ ഒരു മുപ്പതിന ജോലികളും കൂടി തൊഴിലുറപ്പ് മുഖേന ചെയ്യാം എന്ന സ്ഥിതി വന്നത്. സമാന്തരമായി ഏതോ ഭാഗ്യത്തിനു കേരള സർക്കാർ വക, തരിശു നിലം കൃഷിക്കുപയോഗിക്കുന്നതിനുള്ള പദ്ധതിയും നിലനിന്നിരുന്നു. നമ്മുടെ റ്റി. എസ്. വിശ്വൻ സർ ഉൾപ്പെടെ ഞങ്ങളുടെ റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട കൃഷി സ്നേഹികളായ ജില്ലാ റിസോഴ്സ് അംഗങ്ങളുടെ ചർച്ചകളിൽ, ഏതാണ്ടിത്തരമൊരു ആശയം ഉരുത്തിരിയുകയായിരുന്നു."
"വ്യക്തത ഇല്ലായ്കയും, മുൻ മാതൃകകളില്ലായ്കയും, ചുവപ്പ് നാടകളും, സ്ഥലം പാട്ടത്തിനു കൊടുക്കാൻ വൈമനസ്യം കാട്ടുക തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളും തുടങ്ങി അനേകം പരിമിതികൾ ഉണ്ടായിരുന്നു. കുറച്ച് പേരെങ്കിലും ഉട്ടോപ്യൻ എന്ന് പറഞ്ഞപ്പോൾ അതൊരു വാശിയായി. പദ്ധതികൾ സംയോജിപ്പിക്കുന്നതിന്റെ സാദ്ധ്യതകൾ ബ്ലോക്ക്-പഞ്ചായത്ത്-കൃഷിഭവൻ തലങ്ങളിലെ നല്ല കൂട്ടുകാരുമായി പങ്കിട്ടു. ആത്മവിശ്വാസം നൽകാൻ അത് സഹായിച്ചു. ആഗ്രഹവും വാശിയും എന്നെ പിന്തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ തൈക്കാട്ടുശ്ശേരി ബിഡിഓ ശ്രീ ദിനേശൻ, NREG അക്രഡിറ്റഡ് എഞ്ചിനിയർ ശ്രീ രഘുനാഥപിള്ള, പാണാവള്ളി ഗ്രാമ പഞ്ചായത്ത് ഡിവിഷനിലെ ശ്രീമതി അമ്പിളി, കൃഷി ഓഫീസർ ശ്രീമതി ജിജി തുടങ്ങി നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് താത്പര്യമുള്ള ഓഫീസർമാരോട് കാര്യങ്ങൾ പറഞ്ഞു. ആവത് ചെയ്ത് തരാമെന്ന  അവരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു ഇതിനു പിന്നിൽ..

പ്രായോഗികമായി കൃഷി പരിജ്ഞാനം കുറവുള്ള തൊഴിലുറപ്പ് പദ്ധതിക്കാരെ എങ്ങനെ ഇതിനു സജ്ജമാക്കിയെടുക്കുകയുണ്ടായി?

തൊഴിലുറപ്പ് പദ്ധതിയിലുള്ള ജോലിക്കാരെ സജ്ജരാക്കാൻ അവരിൽ ഒരാളായേ പറ്റൂ.. അതിനായി തൊഴിൽ കാർഡിനപേക്ഷിച്ചു. താമസിയാതെ കിട്ടി. തൊഴിലുറപ്പ് ജോലികളുമായി സാധാരണ എത്താറുള്ള ശ്രീമതി കൈരളിയുമായി കണ്ടു. എന്നെക്കൂടെ മസ്റ്റർ റോളിൽ കൂട്ടുവാൻ ആവശ്യപ്പെട്ടപ്പോൾ അവർക്ക് അതിശയം. ജില്ലാ റിസോഴ്സ് ടീമിൽപ്പെട്ട അദ്ധ്യാപകനായി അവരുടെ മുന്നിൽ എത്താറുള്ള ഞാൻ ഒരു മൺ വെട്ടിയുമായി, എന്നെക്കൂടെ തൊഴിലുറപ്പിൽ ചേർക്കാൻ കൈലിയുമുടുത്ത് ചെന്ന് ആവശ്യപ്പെട്ടപ്പോൾ ഒന്ന് അന്തിച്ചതാണു്. ഏതായാലും നമ്മുടെ ആശയം വിശദമായി അവരുമായി പങ്കു വെച്ചു. അവർവഴിക്കു പഞ്ചായത്തിലും. തുടർന്ന് എസ്റ്റിമേറ്റ് ഉണ്ടാക്കാൻ നെട്ടോട്ടം. സ്ഥലം ഒരു പ്രശ്നമായി, എന്റെ കൈവശം വെറും 85 സെന്റേ ഉള്ളൂ. ഒരു സെറ്റ് തൊഴിലുറപ്പു റ്റീമിനു 12 ഏക്കർ എങ്കിലും ഉണ്ടാകണം. ഇരുപത്തിയെട്ടു പേരുടെ ഗ്രൂപ്പ്, ഇരുപത്തിനാലു ദിവസം ജോലി, ഇതൊക്കെ ഓടി നടന്ന് ഒപ്പിച്ചെടുത്തു. ആദ്യം സാങ്ങ്ഷൻ ലഭിച്ചപ്പോൾ ഡിസംബർ പകുതിയായി.

ഗ്രൂപ്പിന്റെ സംഘടനാ രീതിയെക്കുറിച്ചു കൂടിയൊന്ന് വിശദീകരിച്ചാൽ കൃഷി സ്നേഹികളായ വായനക്കാർക്ക് താത്പര്യം കൂടുമായിരുന്നു.

മൂന്നു കൂടിച്ചേരലുകൾ കഴിഞ്ഞതോടെ തീരുമാനമായി. തൊഴിലുറപ്പിനു് എത്തിയ എല്ലാ തൊഴിലാളികളും ചേർന്ന ഒരു ഗ്രൂപ്പ് ആണു കൃഷിക്കിറങ്ങുന്നത്. കൂലി ഇല്ലാത്ത ദിവസങ്ങളിലും പണിക്കു വരാം. ആദ്യ മുടക്കിനായി ഇരുനൂറു രൂപ വെച്ച് സമാഹരിക്കണം. തൊഴിലുറപ്പു കഴിഞ്ഞാലുള്ള പണി ദിവസങ്ങളിൽ ഹാജർ വെയ്ക്കണം. ലാഭം, ഹാജരായ ആകെ തൊഴിലാളികളുടെ എണ്ണം കൊണ്ട് ഹരിച്ച് ലാഭ വിഹിതം കണക്കാക്കണം. കൃഷി ഡിപ്പാർട്ട്മെന്റിന്റെ സബ്സിഡി (രണ്ടര ഏക്കറിനു ഇരുപതിനായിരം രൂപ ഗ്രൂപ്പിനും അയ്യായിരം രൂപ സ്ഥലമുടമയ്ക്കും‌‌‌) വെവ്വേറേ കണക്കാക്കി ഇരുപത്തിയെട്ടായി വീതം വെക്കും. എല്ലാം മീറ്റിംഗുകളിലൂടെ സമവായത്തിലെത്തി.


എന്തൊക്കെയിനം കൃഷികളാണാദ്യം തുടങ്ങിയത്, അതൊരു വെല്ലുവിളിയായി അനുഭവപ്പെട്ടുവോ?

ചർച്ചകൾക്കും തീരുമാനങ്ങൾക്കുമൊടുവിൽ കൃഷിക്കിറങ്ങേണ്ട സമയം സംജാതമായി. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയം. എന്തെല്ലാം കൃഷികൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവമോ, രാസമോ, എങ്ങിനെ... എപ്പോൾ, ജല ലഭ്യത, പെട്ടെന്നു വരുമാനദായകമായത് ഏത്, സീസൺ, മാർക്കറ്റ്..അങ്ങനെ നിരവധി പ്രശ്നങ്ങൾ. വട്ടപ്പൂജ്യം എഴുതി ഒപ്പിടാറുള്ള അമ്മൂമ്മമാർ വരെ ഉൾപെട്ട ഗ്രൂപ്പ് ചർച്ചകൾക്കൊടുവിൽ എല്ലാത്തിനും സമാധാനം കണ്ടെത്തി. കൃഷികൾ തുടങ്ങി. ചീര കാബേജ് പിന്നെ ഒരോന്നു കൂട്ടിചേർത്തു. അങ്ങനെ പതിനേഴ് ഇനം കൃഷികൾ, കിഴങ്ങു വർഗങ്ങളും, പച്ചക്കറികളും എല്ലാം. ചീരയുടെ വിളവെടുപ്പ് ആവേശം തന്നു. ജൈവ കൃഷി എന്ന് ഇതിനകം പ്രാദേശികമായി പരന്ന വാർത്ത സഹായകമായി. ആളുകൾ തിരക്കി വന്നു വാങ്ങി. ആദ്യവട്ട വിളവെടുത്ത ചീര വളരെ പെട്ടെന്ന് തീർന്നു. അടുത്ത ട്രിപ്പ് കിളിർപ്പിച്ചു. പീച്ചിൽ വില്പന തുടങ്ങി. വില്പനയ്ക്ക് സമയം നിശ്ചയിച്ചു. യാത്ര നീളുകയാണു്. ചെറിയ അലോഹ്യങ്ങൾ ഉണ്ടാകാതിരുന്നിട്ടില്ല. പലതും ചായ കോപ്പയിൽ കാറ്റുപോലെ കെട്ടടങ്ങി. എണ്ണയിട്ട യന്ത്രം പോലെ ഒരു കൂട്ടായ്മ..

അങ്ങയുടെ ഈ കൂട്ടായമയെക്കുറിച്ചോർക്കുമ്പോൾ സന്തോഷമാണെന്നറിയാം. എങ്കിലും ഇവരുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? സംതൃപ്തി നൽകുന്നുവോ..?

തീർച്ചയായും. തിരിഞ്ഞു നോക്കുമ്പോൾ വളരെയധികം സംതൃപ്തി നൽകുന്ന ഒന്നാണീ കൂട്ടായ്മ.

കൃഷി ടീമില്‍ ആകെ 28 പേര്‍ ആണെന്ന് പറഞ്ഞല്ലോ. പുരുഷന്മാര്‍ 5 പേര്‍. സ്ത്രീകള്‍ 23.  ഇതിനെ ടീം എന്ന് പറയാനാകില്ല. പ്രദേശ വാസികളായ, തൊഴിലുറപ്പില്‍ തൊഴില്‍ വേണമെന്ന് ആ സമയം അപേക്ഷിച്ച 28 പേര്‍.  99% പേരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവര്‍ . തൊഴിലുറപ്പില്ലെങ്കില്‍ പണിക്കു പോകാത്തവര്‍, തൊഴിലുറപ്പ് ഇല്ലെങ്കില്‍ ചെമ്മീന്‍ കിള്ള്നു പോകുന്നവര്‍, മീന്‍ പിടിക്കാന്‍ പോകുന്നവര്‍, തൂമ്പ പണിക്കാര്‍, ചുമടിന് പോകുന്നവര്‍,,, വളരെ നാളായി സ്ത്രീ തൊഴിലാളികളെ കൈകാര്യം ചെയ്തു പരിചയമുള്ള കൈരളി എന്ന സ്ത്രീ ആണ് മേറ്റ്‌. ആകെയുള്ള 5 ആണുങ്ങളില്‍ വേലപ്പന്‍ എന്ന സുഹൃത്തിന് മാത്രമാണ് നേരിട്ട് പച്ചക്കറി കൃഷിയില്‍ പരിചയം. പെണ്ണുങ്ങളിലും 2 പേരെ അങ്ങനെ കിട്ടി. കൌസുവും, ഭാരതിയും. ആദ്യ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നേരത്തേ പരസ്പരം കുറച്ചൊക്കെ തമ്മില്‍ അറിഞ്ഞിരുന്നെങ്കിലും എല്ലാപേരും പേര് പറഞ്ഞു പരിചയപ്പെട്ടു. തൊഴിലുറപ്പിന്റെ രീതി മാറിയതിനെ കുറിച്ച് അവരോട് പറഞ്ഞു. എന്തെല്ലാം കൃഷി വേണമെന്ന് അവരെക്കൊണ്ടു തന്നെ പറയിച്ചു. എല്ലാവര്ക്കും പരിചയമുള്ളത് ചീര. എന്നാല്‍ ഒരു ചീരയോ മുളകോ പോലും നാട്ടു നനചിട്ടില്ലാത്ത പലരും ഉണ്ടെന്നറിഞ്ഞു. സുഖമില്ലായ്കയാല്‌ ഒരു സ്ത്രീ ആദ്യമേ ഒഴിവായി. പ്രായം ചെന്ന പെണ്ണമ്മയും തുളസിയും അല്‍പ്പം മടി കാണിച്ചു. അതിനും മേറ്റ്‌ വഴി കണ്ടു. അവര്‍ ചായ കഞ്ഞി കുടിവെള്ള വിതരണം ആകട്ടെ. സമ്മതിച്ചു. സ്ഥലം, വിത്തുകള്‍ , വളങ്ങള്‍, ഓഫീസുകളുമായി ഇടപാടുകള്‍ എന്നിവ എന്റെയും കൈരളിയുടെയും ചുമതല, ഓരോന്നിനും പറ്റിയ നിലമൊരുക്ക്, സ്ഥാനം, രീതി, ഇവ വേലപ്പന്റെ ചുമതല. നനയുടെ മേല്‍നോട്ടം ജനാര്‍ദ്ദന്‍; അങ്ങനെ പോയി കാര്യങ്ങള്‍.... ആദ്യമേ എന്റെ സ്ഥലം 85 സെന്റ് വിട്ടുകൊടുത്തു. ഇതിനായുള്ള സമ്മത പത്രം(11 മാസത്തേക്ക്) പഞ്ചായത്തില്‍ നല്‍കി. പണി തുടങ്ങി, കാടും പടലും മാറ്റി, ചീരക്കു കളം ഒരുക്കി. ചീര നട്ടു. പ്രവര്‍ത്തനങ്ങള്‍ കാണാന്‍ എത്തിയ ഓമനക്കുട്ടനും അദ്ദേഹത്തിന്‍റെ സ്ഥലം വിട്ടു തന്നു.. ജോലികള്‍ പുരോഗമിക്കവേ തൊട്ടു തൊട്ടു അയൽവാസികള്‍ ഹരി, ലളിത് തുടങ്ങി ഓരോരുത്തര്‍ സ്ഥലം വിട്ടു തന്നു. അതോടെ ഗ്രൂപ്പ്‌ ഉഷാറായി. വര്‍ക്ക്‌ കൂടിക്കൂടി വന്നു. നേരത്തേ പരിചയം ഇല്ലാത്തവര്‍ ഏണും കോണുമില്ലാതെ വാരം എടുത്തപ്പോഴും നിര്‍ദ്ദേശമില്ലാതെ തോന്നിയത് ചെയ്യാന്‍ തുടങ്ങിയപ്പോഴും.. ക്ഷമയോടെ ഇടപെട്ടു. പിന്നെപ്പിന്നെ ഏതാണ്ട് എല്ലാപേരും ഒരു ദിശയില്‍ എത്തി. ചീര വളര്‍ന്നു വില്‍പന ആയി 3000 രൂപയ്ക്കുമേല്‍ വിറ്റു വരവ് എത്തിയപ്പോള്‍ ഗ്രൂപ്പിന്റെ ആത്മ വിശ്വാസം കൂടി വന്നു.

ഇത്രയും വിവരങ്ങൾ ഇ-മഷി മാഗസിനു വേണ്ടി വളരെ ക്ഷമയോടും കൃത്യമായും തന്ന അങ്ങയോട് മഷി ടീമിന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

ഒരു ഓൺലൈൻ മാഗസിൻ കാർഷിക ലേഖനം മുടങ്ങാതെ പ്രസിദ്ധീകരിക്കുക, അതിനായി സമയം ചെലവഴിക്കാൻ ഒരു കൂട്ടം ചെറുപ്പക്കാർ... കർഷകസ്നേഹികളായ ഒരു പുതുതലമുറയെ ഞാൻ സ്വപ്നം കാണുന്നു. നിങ്ങളുടെ സദുദ്യമത്തിനു എന്റെ എല്ലാ വിധ പിന്തുണയും, പ്രാർത്ഥനയും. നമസ്കാരം.

by navas shamsudeen. 5 Comments