ടോണിച്ചായനോട് ചോദിക്കാം.. ഭാഗം 2...

കൃഷി ഗ്രൂപ്പിലെ അംഗങ്ങൾ, ജൈവകർഷകനും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ടോണി തോമസിനോട് ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നൽകിയ മറുപടികളും..


ചോദ്യം.. . ജൈവകർഷകരുടെ കൂട്ടയ്മ താങ്കളുടേയും മറ്റു സഹപ്രവർത്തകരുടെയും പ്രവർത്തനം കൊണ്ട് നല്ല രീതിയിൽപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. ഈ കൂട്ടായ്മയുടെ പ്രവർത്തന രീതിയും, ഉദ്ദേശ ലക്ഷ്യങ്ങളും ചെറുതായി വിശദീകരിക്കുമോ..?
മറുപടി... കേരള ജൈവ കര്‍ഷക സമിതി 1988ല്‍ യശശരീരരായ പ്രൊഫ. ജോണ്‍സി ജെകബ്‌ , വര്‍മ്മാജി തുടങ്ങിയവരുടെ ആഗ്രഹത്തോടെ തുടങ്ങിയതാണ്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, അതുവഴി ശുദ്ധമായ ആഹാരവും ആരോഗ്യവും ഉറപ്പാക്കുക. എന്നതായിരുന്നു ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ് ജൈവ കര്‍ഷക സമിതി. ഇന്ന് ഒരുമിച്ചു കൂടാന്‍ സാധ്യമല്ലാത്ത അത്രയും ആള്‍ക്കാര്‍ ആയിക്കഴിഞ്ഞതിനാല്‍ ജില്ലാ സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം പ്രാദേശികം ആക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും മെച്ചം ആയി പ്രവര്‍ത്തിക്കുന്നത് ഒന്ന് പാലക്കാട് ജില്ല, രണ്ടു മലപ്പുറം ജില്ല, മൂന്ന് തൃശൂര്‍ ജില്ല, നാല് ആലപ്പുഴ ജില്ല. ജില്ലയില്‍ നിന്ന് താഴോട്ടു ഇറങ്ങി ബ്ലോക്ക്‌ തലത്തിലും പഞ്ചായത്ത് തലത്തിലും സമിതിയുടെ യൂണിറ്റുകള്‍ പല ഭാഗത്തും ആരംഭിച്ചു കഴിഞ്ഞു. അടുത്ത ലക്‌ഷ്യം ഈ ജൈവ ഉല്പന്നങ്ങള്‍ക്ക് പ്രത്യേക വിപണി ആണ്. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.. 
സാമ്പത്തികം ശരിയല്ലത്തതിനാല്‍ അത് പതുക്കയെ നീങ്ങുന്നുള്ളൂ.

ചോദ്യം...കാർഷിക വൃത്തിയിലേക്കിറങ്ങാൻ തയ്യാറാവുന്ന ഒരാളോട് അനുഭവസമ്പത്തിന്റെ പിൻബലത്തിൽ ടോണിച്ചായൻ നൽകുന്ന ഉപദേശം എന്തായിരിക്കും.

മറുപടി... ഒരു സര്‍ക്കാര്‍ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം (ശമ്പളവും കിമ്പളവും) കിട്ടുമെന്ന പ്രതീക്ഷയില്‍ കൃഷിയില്‍ ഇറങ്ങരുത്. പക്ഷെ അതിനേക്കാളേറെ മനസുഖം കിട്ടും. ശരിക്ക് മാര്‍ക്കറ്റ്‌ പഠിച്ചു ദീര്‍ഘവീക്ഷണത്തോടെ വിളകള്‍ തിരഞ്ഞെടുക്കുക. ഒരു വിളയെ മാത്രം ആശ്രയിക്കരുത്. പെട്ടന്ന് വില കൂടുന്നത് കണ്ടു ഒരു പുതിയ വിളയുടെ മുന്‍പില്‍ കയറി ഓടരുത് (ഉദാ:വാനില ). വളത്തിന്റെ ഉള്‍പ്പടെ കൃഷിയിടം സ്വയം പര്യാപ്തം ആകണമെന്ന ലക്ഷ്യത്തോടെ പ്ലാന്‍ ചെയ്യണം. പരമാവധി സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം കൃഷിയിടത്തില്‍ ഉണ്ടാക്കണം, അതും വിഷമില്ലാതെ. ആശുപത്രിയില്‍ കൊടുക്കുന്ന പണം ലാഭം.

ചോദ്യം..തെങ്ങ് കൃഷി വളരെ നഷ്ടത്തിലാണ് വലിയ പ്രശ്നം ഉല്പതനസെഷി കുറഞ്ഞ തെങ്ങും തേങ്ങയിടാൻ ആളെ കിട്ടാത്തതും അതുകൊണ്ട് ഇപ്പോഴുള്ള മുഴുവാൻ തെങ്ങും പിഴുതു മറ്റി ഉല്പതനസെഷി കൂടിയ വളര്ച്ച{ഉയരം } കുറഞ്ഞ ഇനം പരീക്ഷിച്ചാലോ എന്നൊരു ആലോചന മാത്രമല്ല ഇളനീർ വിളവെടുപ്പ് ആണ് നാൻ ഉദ്ടെഷികുന്നത് ഇത് പ്രബല്യതിലാകാൻ എത്ര മുതലിരകേണ്ടി വരും പെർ യുണിറ്റ് പറഞ്ഞാല മതി 2 ഇത് വിളവെടുപ്പിനു പാകമാകാൻ എത്ര കാലം എടുക്കും 3 ഈ പരീക്ഷണം വിജയികുവാൻ സദ്യതയുണ്ടോ ?അതോ മണ്ടത്തരം എന്നുള്ള പരിഹാസം കേള്കേണ്ടി വരുമോ
മറുപടി.. പരിഹാസം പല തരത്തില്‍ കേള്‍ക്കേണ്ടി വരും. അത് കാര്യമാക്കതിരിക്കുക. തെങ്ങിന് ഉല്പാദനം കുറവാണെങ്കില്‍ വെട്ടി പുതിയവ വക്കണം. കരിക്കിനെ മാത്രം ആശ്രയിക്കരുത്. കരിക്കിന് പട്ടുന്നവയോടൊപ്പം എണ്ണ കൂടുതല്‍ ഉള്ളവയും വക്കണം. കരിക്കിന്റെ വില പോയാലും കയര്‍ എടുക്കേണ്ടി വരരുത്. നല്ല ഇനം തെങ്ങില്‍ തൈകള്‍ക്ക് അതുപോലെ വിലയും ഉണ്ട്. എങ്കിലും ഇന്ന് പല സ്വകാര്യ സ്ഥാപനങ്ങളും നല്ല ഉല്പാദനം ഉള്ള തെങ്ങില്‍ തൈകള്‍ ഉണ്ടാക്കുന്നുണ്ട്. വിശദമായി അവകാശങ്ങള്‍ ശരിയാണോ എന്നറിഞ്ഞേ വാങ്ങാവൂ. വിളവെടുപ്പ് തൈകളെയും മണ്ണിനെയും പരിചരണത്തെയും ആശ്രയിച്ചാണ്.അതുപോലെ തന്നെ മുതലിറക്കുന്നതും.
ചോദ്യം..ഗ്രോ ബാഗ് നിറയ്ക്കല്‍ , വള പ്രയോഗം വിശധീകരിക്കാമോ?
മറുപടി..പോട്ടിംഗ് മിക്സ്‌ചര് എന്നാ പേരില്‍ നാം അറിയുന്ന രണ്ടു മണ്ണ് ഒരു മണല്‍ ഒരു ചാണകം എന്നാ അളവ് എപ്പോഴും ശരി ആകണം എന്നില്ല. അത് മണ്ണിലെ ചെളിയുടെ അളവിനെ ആശ്രയിച്ചാണ് നോക്കേണ്ടത്. ബാഗിലോ ചട്ടിയിലോ മിശ്രിതം നിറക്കുമ്പോള്‍ അതില്‍ വെള്ളം കെട്ടി നില്‍ക്കരുത് എന്നത് പ്രധാനം. ചെളി കട്ടി ഉള്ളതാണെങ്കില്‍ തരി കൂടുതല്‍ ഉള്ള മണല്‍ കൂടുതല്‍ ചേര്‍ക്കണം. പക്ഷെ ഹ്യൂമസ് (അഴുകിയ ജൈവാംശം) കൂടുതല്‍ ചെര്‍ക്കമെങ്കില്‍ നീര്‍ വാര്‍ച്ച ഉണ്ടാകും വളവും . ഒരു പരീക്ഷണത്തിലൂടെ അത് കണ്ടെത്താം. ഒരു കണ്ണന്‍ചിരട്ടയില്‍ ഉണ്ടാക്കിയ പോട്ടിംഗ് മിശ്രിതം നന്നായി ഉറപ്പിച്ചു നിറക്കുക. അതില്‍ വെള്ളം ഒഴിക്കുക. വെള്ളം കെട്ടി നില്‍ക്കാതെ അടിയിലെ ദ്വാരത്തിലൂടെ പോകുന്നുണ്ട് എങ്കില്‍ അത് ഉപയോഗിക്കാം. വളപ്രയോഗം - എന്ത് വളവും ഉപയോഗിക്കാം. എങ്കിലും ബാഗുകളില്‍ ഉണ്ടാക്കുന്നവ താല്‍ക്കാലിക വിളകള്‍ ആയിരിക്കുമല്ലോ. അതുകൊണ്ട് പെട്ടന്ന് വളരുകയും വിളവു തരികയും വേണം. ജീവാമൃതം നല്ലതാണ്. കൂടെ കുറച്ചു പഴകിയ കുമ്മായവും ചാരവും കൊടുക്കണം. പൂക്കുന്ന സമയത്ത് രാവിലെ മഞ്ഞ് ഉണ്ടെങ്കില്‍ ഇലകള്‍ നനയുന്ന വിധം വെള്ളംതലിച്ചു മഞ്ഞുവെള്ളം കഴുകി കളയണം. കുറച്ചു ചാരം തുണിയില്‍ കിഴി കെട്ടി തൂവിയാല്‍ കായ പിടുത്തെം കൂടും. മഞ്ഞു വെള്ളം ഇലകളില്‍ ഇരുന്നാല്‍ അതിനു ചെറിയ മധുരം ഉള്ളതിനാല്‍ കീട ബാധ കൂടും.
ചോദ്യം..പ്രിഷിസൻ ഫാമുകളിൽ ജൈവ രീതിയിൽ വളപ്രയോഗം സാധ്യമാണോ...?
മറുപടി..പ്രിസിഷന്‍ ഫാമുകളില്‍ ജൈവ കൃഷി വിഷമം ആണ്. കാരണം ചെടികള്‍ക്ക് വേണ്ടവ മാത്രം വേര്‍തിരിച്ചു കൊടുക്കുന്ന പ്രത്യേകത എളുപ്പം അല്ല. അതില്‍ പരീക്ഷണങ്ങള്‍ നടന്നാലെ പറയാനാകൂ. പക്ഷെ പ്രിസിഷന്‍ ഫാമിങ്ങ് തന്നെ അത്ര വിജയം ആണോ? ഞാന്‍ കണ്ട പ്രിസിഷന്‍ ഫാമുകളിലെല്ലാം ചില വിളകള്‍ മാത്രമേ വിജയിച്ചു എന്ന് കണ്ടിട്ടുള്ളൂ.
ചോദ്യം..സര്‍ , കൊടംപുളി തണലില്ലാത്ത തരിശുഭൂമിയില്‍ നടമോ ,ഞങ്ങള്‍ 5 ഏക്കര്‍ സ്ഥലത്ത് (തരിശ്) കൊടംപുളി നടാന്‍ ഉദ്ദേശിക്കുന്നു ,താങ്കളുടെ വിധക്ത ഉപദേശം പ്രധിക്ഷിക്കുന്നു
മറുപടി..നടാം. ആദ്യ വര്‍ഷങ്ങളില്‍ കുറച്ചു തണല്‍ കൊടുത്താല്‍ മതി.
ചോദ്യം... ജീവാമൃത വളക്കൂട്ടിന്റെ രീതിയും, പൂന്തോട്ട ചെടികളായ റോസിനും മറ്റും ഉപയോഗിക്കുന്ന രീതിയും വിശദമാക്കുമോ.?
മറുപടി..നാടന്‍ പശുവിന്റെ ചാണകം പത്ത് കിലോ, ഗോമൂത്രം 7 to 10 ലിറ്റര്‍, പ്രദേശത്തെ നല്ല മേല്‍മണ്ണ് ഒരു പിടി, പയര്‍ വര്‍ഗത്തില്‍ ഒന്നിന്‍റെ പൊടി 2 കിലോ, ശര്‍ക്കര 2 കിലോ, വെള്ളം 200 ലിറ്റര്‍. ഇവ നന്നായി ഇളക്കി യോജിപ്പിച്ചു, 48 മണിക്കൂര്‍ കഴിഞ്ഞു ഉപയോഗിക്കാം. ദിവസം മൂന്നു - നാല് പ്രാവശ്യം ഇളക്കണം. തണലത്ത് വക്കുക, 7 ദിവസത്തിനകം ഉപയോഗിക്കുക. പൂ ചെടികളില്‍ ഉപയോഗിക്കുമ്പോള്‍ പകുതി വെള്ളം കൂടി കൂട്ടി നേര്‍പ്പിച്ച് ഒഴിക്കുക.
ചോദ്യം.. എന്തു കൊണ്ടാണു ജീവാമൃതം വലത്തോട്ട് മാത്രം ഇളക്കണമെന്ന് പറയുന്നത്..?
മറുപടി....അതില്‍ വലിയ കാര്യം ഒന്നുമില്ല. ചില മത ചിന്തകള്‍ ഉള്ളില്‍ കിടക്കുന്നതിന്റെ പ്രശ്നം. പക്ഷെ ഇങ്ങനെ ഒരു വളക്കൂട്ട് കാണുമ്പോള്‍ അതിന്റെ അടിത്തറ മനസ്സിലാക്കുക. ചാണകവും മൂത്രവും ഏതടവും കൂടുതല്‍ സൂക്ഷ്മ ജീവികളുടെ കേന്ദ്രം ആണ്. പയര്‍ വര്‍ഗത്തിലെ പ്രോട്ടീന്‍ ആണ് ഇവിടെ വേണ്ടത്. കാരണം ഒരു ലാബില്‍ സൂക്ഷ്മ ജീവികളെ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന മീഡിയം പ്രോട്ടീന്‍ ആണ്. പ്രദേശത്തെ മണ്ണ് അവിടെയുള്ള സൂക്ഷ്മ ജീവികളെ കൂടി കിട്ടാന്‍. ശര്‍ക്കര പ്രോട്ടീന്‍ പ്രവര്‍ത്തന വീര്യം കൂട്ടാന്‍. അപ്പോള്‍ ഈ ജീവാമൃതത്തെ നമ്മുടെ അവസ്ഥയില്‍ കൊണ്ടുവന്നലോ! പയറിന് പകരം ചക്ക കുരുവോ മാങ്ങാ അണ്ടിയോ മതി. തനി നാടന്‍ പശു ഇല്ലെങ്കിലും വലിയ പ്രശ്നം ഇല്ല. തനി വിദേശി ആകാതിരുന്നാല്‍ മതി.
ചോദ്യം..അന്ന് മണ്ണുത്തിമീറ്റില്‍ വെച്ച് നാളികേരത്തിന് വിലയിടിവ് വന്നപ്പോള്‍ ഒരു വിപണന തന്ത്രം ആസൂത്രണം ചെയ്തത് പറഞ്ഞിരുന്നു,അത് ഗ്രൂപിന് വേണ്ടി ഒന്ന് പറയാമോ?
മറുപടി..1998 - 99 കാലത്തും തേങ്ങാക്കു ഇതിനേക്കാള്‍ വില ഇടിഞ്ഞിരുന്നു. കച്ചവടക്കാര്‍ വല്ലാതെ വില കുറച്ചു. പരിഹാരം ആയി തേങ്ങയുടെ മൂല്യ വര്‍ധനവ്‌ നടത്തിയാലോ എന്നൊരു ആലോചന. രണ്ടു സ്വന്തക്കാര്‍ കൂടെ ചേരാം എന്നറിയിച്ചു. ഇന്നുള്ള കൊപ്രയും വെളിച്ചെണ്ണയും ഉണക്കളില്‍ വരുന്ന കരിയും പുകയും, കേടാകാതിരിക്കാന്‍ സള്‍ഫര്‍ തുടങ്ങി ഒട്ടേറെ മാലിന്യങ്ങള്‍ ഉണ്ട്. ആട്ടുംപോള്‍ എണ്ണ മിഷ്യനകത് തിളക്കും. ഒരിക്കല്‍ തിളച്ച് എണ്ണയാണ് നമ്മള്‍ കറി വക്കുമ്പോള്‍ വീണ്ടും തിളപ്പിക്കുന്നത്. ഈ എണ്ണ ആണ് ഉപദ്രവം. അതുകൊണ്ട് ഈ തെറ്റുകള്‍ പരിഹരിച്ചു വേണം മൂല്യ വര്‍ധനവ്‌ എന്ന് തീരുമാനിച്ചു. അങ്ങനെ ചൂട് വായു കടത്തി വിട്ടു തേങ്ങ ഉണക്കുന്ന ഒരു ഡ്രയര്‍ സംഘടിപ്പിച്ചു. ഉള്ളില്‍ കൂടി വെള്ളം കടത്തി വിട്ടു തണുപ്പിച്ചു ആട്ടുന്ന ഒരു Expeller കൂടി കണ്ടെത്തി. ഓരോ ദിവസവും മാര്‍ക്കറ്റ് വില കണക്കാക്കി ഞങ്ങള്‍ തെങ്ങ എടുക്കുന്ന വില ഫാക്ടറിയുടെ മുന്‍പില്‍ എഴുതി വക്കും ആ വിലക്ക് തെങ്ങ അവിടെ എടുക്കും. കര്‍ഷകര്‍ക്ക് നേരിട്ട് കൊണ്ടുവരാം. അതോടെ ഞങ്ങളുടെ പഞ്ചായത്തില്‍ തേങ്ങക്ക് ഒരു വില തീരുമാനം ആയി. ഞങ്ങള്‍ കുറിക്കുന്ന വിലയില്‍ കുറച്ചു കച്ചവടക്കാര്‍ക്ക് തെങ്ങ കിട്ടില്ല എന്ന് വന്നു. മാര്‍ക്കറ്റില്‍ നല്ല ഒരു എണ്ണയും ഇറക്കി. ഒരു പരസ്യവും ഇല്ലാതെ ഞങ്ങള്‍ മാര്‍ക്കറ്റ് പിടിച്ചു. ഒരിക്കല്‍ വാങ്ങുന്നവര്‍ പിന്നെ വേറെ എണ്ണ മേടിക്കില്ല. പേര് ഗ്രീന്‍ വാലി കൊക്കോനട്ട് ഓയില്‍ .
ചോദ്യം..വിദേശി മന്നിരകലെകൊണ്ടുള്ള മണ്ണിരകമ്പോസ്റ്റ് മണ്ണിന്റെ ഊഷരത വര്‍ധിപ്പിക്കും,ഗുണത്തെക്കാള്‍ ദോഷം എന്ന് കണ്ടു,തങ്ങളുടെ അനുഭവം എന്താണ്
മറുപടി.. വിദേശ മണ്ണിരകള്‍ പകുതി അഴുകിയവ പോലും തിന്നുന്നവ ആണ്. നമ്മുടെ മണ്ണിര പൂര്‍ണ്ണമായും അഴുകിയവ ആണ് തിന്നുന്നത്. അപ്പോള്‍ ആ അഴുകിയവയുടെ വളക്കൂറു പത്ത് ഇരട്ടിയാക്കി അവ വിസര്‍ജിക്കും. വിദേശിക്ക് ആ കഴിവില്ല. മാത്രമല്ല അവ ഇവിടെ സ്വാഭാവികമായി പെരുകിയാല്‍ നമ്മുടെ മണ്ണിലെ എന്തൊക്കെ സൂഷ്മ ജീവികള്‍ ഇല്ലാതാകും എന്ന് അറിയില്ല. തിലോപ്പിയ മീന്‍ പെരുകിയത് ഉദാഹരണം. കണ്ണന്‍ ഉള്‍പ്പടെ പല മീനുകളും നമ്മുടെ കുളങ്ങളില്‍ കാണാന്‍ ഇല്ലാതായി.
ചോദ്യം..ഈ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിദ്യ എങ്ങിനെയാ. ?
മറുപടി...ചെറിയ തോതില്‍ ആണെങ്കില്‍ ഒരു മണ്‍ പാതരം സംഘടിപ്പിക്കുക. അടിയിലും വശങ്ങളിലും കുറച്ചു സുക്ഷിരങ്ങള്‍ ഇടുക. അവ അടഞ്ഞു പോകാതിരിക്കാന്‍ ഓരോ ഓടിന്റെ കഷണങ്ങള്‍ ദ്വാരങ്ങളുടെ മുന്‍പില്‍ ചാരി വക്കുക. അടിയില്‍ കുറച്ചു ചാണകം ഇടുക. അതിനു മുകളില്‍ കുറച്ചു മണ്ണ്. മണ്ണിരകളെ ഇതില്‍ നിക്ഷേപിക്കുക. അടുക്കള വശത്ത് നനവുള്ള ഇടങ്ങളില്‍ മണ്ണ് ഇളക്കിയാല്‍ നമ്മുടെ നല്ല മണ്ണിരകളെ കിട്ടും. രണ്ടു ദിവസം അനക്കാതെ വക്കുക. മണ്ണിര മുകളില്‍ കുരുപ്പ ഇടാന്‍ തുടങ്ങിയാല്‍ ഒരു അടുക്ക് ജൈവ പദാര്‍ഥങ്ങള്‍ ഇടുക. ഈര്‍പ്പത്തിന് മാത്രം നനവ്‌ കൊടുക്കുക. ജൈവ പദാര്‍ഥങ്ങള്‍ ഇട്ടു കൊണ്ടിരിക്കുക. പത്രം നിറഞ്ഞാല്‍ അടുത്തതില്‍ ഇത് തുടങ്ങാം. പത്രം ഒരു വല കൊണ്ട് മൂടിയിരിക്കണം അല്ലെങ്കില്‍ എലി കയറി മണ്ണിരകളെ തിന്നും. അടിയില്‍ ഒരു പാത്രത്തില്‍ വെള്ളം വച്ചു അതില്‍ ഒരു ഇഷ്ട്ടികയോ മറ്റോ വച്ചു വേണം പത്രം വക്കാന്‍. അത് ഉറുമ്പ്‌ കയറാതിരിക്കാന്‍. ഇത് പത്രത്തിനു പകരം ഒരു ടാങ്ക് ആണെങ്കില്‍ വിശാലം ആയി ഉണ്ടാക്കാം. പക്ഷെ എനിക്ക് ഒരു സംശയം. എന്തിനാ ഈ മണ്ണിരകളെ പിടിച്ചു ടാങ്കില്‍ ആക്കി ഇത്ര പണിപ്പെടുന്നെ? വെറുതെ കമ്പോസ്റ്റ്‌ ആക്കി പറമ്പില്‍ ഇട്ടാല്‍ പോരെ, രാസ വസ്ത്തുക്കള്‍ ഇട്ടു പറമ്പിലെ മണ്ണിരയെ കൊല്ലാതിരുന്നാല്‍ ആ കമ്പോസ്റ്റ്‌ അവര്‍ തിന്നു നല്ല വളം ആക്കുമല്ലോ. ഞാന്‍ അതുകൊണ്ട് എന്റെ മണ്ണിര കമ്പോസ്റ്റ്‌ ടാങ്ക് പൊളിച്ചു കളഞ്ഞു. ഇപ്പോള്‍ പറമ്പ് മുഴുവന്‍ മണ്ണിര ഉണ്ട്. പിന്നെ എന്തിനാ അവയെ പിടിച്ചു ടാങ്കില്‍ ആക്കുന്നത്. വിഷം അടിച്ചു കൊല്ലാതിരുന്നാല്‍ അവ മണ്ണില്‍ തന്നെ പെരുകും. അവക്ക് തിന്നാന്‍ വേണ്ട ജൈവാംശം മണ്ണില്‍ ചേര്‍ത്താല്‍ മതി..
ചോദ്യം..>>അവക്ക് തിന്നാന്‍ വേണ്ട ജൈവാംശം മണ്ണില്‍ ചേര്‍ത്താല്‍ മതി.<<ഈ ജൈവാംശം എങ്ങിയാണ്‌ ഉണ്ടാക്കേണ്ടത് ?
മറുപടി..മണ്ണില്‍ അഴുകിച്ചേരുന്ന എല്ലാം ജൈവ വസ്ത്തുക്കള്‍ ആണ്. ചകിരി ചോര്‍, മരമില്‍ വേസ്റ്റ് ചപ്പുചവറുകള്‍ എല്ലാം. കൂടാതെ വെട്ടി മണ്ണില്‍ ചേര്‍ക്കാവുന്ന, പെട്ടന്ന് വളരുന്ന വട്ട, ശീമക്കൊന്ന മുതലായവ പറമ്പിന്റെ അതിരുകളില്‍ വച്ചു പിടിപ്പിച്ചും ആവശ്യത്തിന് ജൈവാംശം ഉണ്ടാക്കാം. ഇന്ന് തൊഴിലുരപ്പിന്റെ പേരില്‍ വഴിയരികില്‍ വെട്ടി കളയുന്നവ കൃഷിയിടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ ധാരാളം.
ചോദ്യം...    ജീവാമൃതത്തിൽ ശർക്കര അവശ്യ ഘടകം ആണോ..? ചക്കപ്പഴം പോലെയുള്ള വസ്തുക്കള ഉപയോഗിക്കാം എന്ന് ഒരു കർഷകന്റെ അനുഭവ കുറിപ്പുകൾ വായിച്ചപ്പോൾ ഉണ്ടായ സംശയം ആണ്??
മറുപടി..ഇത്തരം വളക്കൂട്ടുകളുടെ ഉള്ളിലെക്കൊന്നു കടന്നു നോക്കൂ. ജീവാമൃതം വളം അല്ല. മണ്ണിലെ ജൈവാംശത്തെ വിഘടിപ്പിച്ചു ചെടികളുടെ ആവശ്യത്തിനുള്ള മൂലകങ്ങള്‍ ആക്കി മാറ്റാന്‍ വേണ്ട സൂക്ഷ്മ ജീവികളെ വളര്‍ത്തി എടുത്ത അവയുടെ സംപുഷ്ട്ടീകരണം ഉള്ള ഒരു മിശ്രിതം ആണ്. നമ്മള്‍ പരീക്ഷണ ശാലകളില്‍ സൂക്ഷ്മ ജീവികളെ വളര്‍ത്തുന്ന മീഡിയം പ്രോടീന്‍ ആണ്. അതിനു വേഗത കൂട്ടാന്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നു. ഇത് കൃഷിയിടത്തിലേക്ക് മാറ്റിയാല്‍ പ്രോട്ടീന്‍ കിട്ടാന്‍ പയറുപൊടി, ഗ്ലൂക്കൊസ്സിനു ശര്‍ക്കര, സൂക്ഷ്മ ജീവികള്‍ക്കായി ചാണകവും മൂത്രവും, പ്രദേശത്തെ സൂക്ഷ്മ ജീവികളെ കൂടി ഉള്‍പെടുത്താന്‍ പ്രദേശത്തെ ഒരു പിടി മണ്ണ്. അപ്പോള്‍ പ്രോട്ടീന്‍ കിട്ടാന്‍ പയറുപൊടി തന്നെ വേണം എന്നില്ല, ചക്കകുരു മാങ്ങാ അണ്ടി തുടങ്ങി ചെലവ് കുറഞ്ഞ പ്രോട്ടീന്‍ ധാരാളം ഉള്ള എന്തും ഉപയോഗിക്കാം. അതുപോലെ മടുരത്ത്തിനു ശര്ക്കരക്ക് പകരം ചക്ക പഴം തുടങ്ങിയവയും. അപ്പോഴേ അത് സീറോ ബഡ്ജറ്റ്‌ ആകൂ.
ചോദ്യം..ജീവാമൃതം പഴകുന്തോറും അതിന്റെ effect കൂടുമോ അതോ കുറയുമോ..?
മറുപടി..   ജീവാമൃതം പോലുള്ള വളക്കൂട്ടുകളില്‍ സൂക്ഷ്മ ജീവികള്‍ പെരുകി അത് സാന്ദ്രം ആയാല്‍ അവ സ്വയം നശിക്കാന്‍ തുടങ്ങും, കാരണം അവക്ക് ജീവിക്കാന്‍ വേണ്ട ഭക്ഷണം തീരും. അതുകൊണ്ട് ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞാല്‍ ആറോ ഏഴോ ദിവസത്തിനകം ഉപയോഗിക്കുന്നതാണ് നല്ലത്.
ചോദ്യം..ഒട്ടു മരത്തിന്റെ തയ്കൾ മാതൃ വൃക്ഷത്തിന്റെ ഫലം തരുമോ...?
മറുപടി.  തരും. പക്ഷെ എടുത്ത ഒട്ടു കണ്ണിന്റെ കരുത്ത്, എടുത്ത സ്ഥലം ഒക്കെ പ്രധാനം ആണ്. വശങ്ങളിലുള്ള ശിഖിരങ്ങളില്‍ നിന്ന് ഒട്ടു കണ്ണ് എടുത്താല്‍ വളര്‍ച്ചയും ഉല്പാദനവും കുറവായിരിക്കും. അതുകൊണ്ടാണ് വിശ്വസിക്കാവുന്ന നര്‍സറികളില്‍ നിന്നെ തൈകല്‍ വാങ്ങാവൂ എന്ന് പറയുന്നത്.
കടപ്പാട്..കൃഷിഗ്രൂപ്പിലെ സ്നേഹസമ്പന്നരായ അംഗങ്ങളോടും ചോദ്യങ്ങൾക്ക് ക്ഷമയോടെ ഉത്തരം പറയാൻ സന്മനസ്സ് കാണിച്ച ശ്രീ ടോണിതോമസിനോടും..by navas shamsudeen. 2 Comments

2 Responses to "ടോണിച്ചായനോട് ചോദിക്കാം.. ഭാഗം 2..."

Leave a Comment